പെരിന്തൽമണ്ണ: രാമപുരം ബ്ലോക്ക്പടിയിലെ ആയിഷുമ്മ കൊലപാതകത്തിൽ രണ്ടു മാസം നീണ്ടു നിന്ന പോലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയപ്പോൾ കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളും അയൽവാസികളും ഞെട്ടി.
ആയിഷുമ്മയുടെ പേരക്കുട്ടിയുടെ ഭർത്താവാണ് ഘാതകൻ എന്ന വിവരം ഏവരിലും അന്പരപ്പുളവാക്കി.
രാമപുരം ഗ്രാമത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ അന്വേഷണത്തിനാണ് പ്രതിയുടെ അറസ്റ്റോടെ വിരാമമായത്.
പ്രതിയെ പിടികൂടുന്നതിന് പോലീസിന്റെ എല്ലാ ശ്രമങ്ങൾക്കും ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു.
നാട്ടുകാരും ബന്ധുക്കളുമായി ആയിരക്കണക്കിന് പോരെയാണു നേരിട്ടും ഫോണ് വഴിയും പോലീസ് ചോദ്യം ചെയ്തത് .
നാട്ടുകാരിൽ ആരെങ്കിലുമാണോ കൊല നടത്തിയതെന്നു ആദ്യം സംശയിച്ചിരുന്നു. എന്നാൽ വൈകാതെ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കു നീളുകയായിരുന്നു.
കൊലപാതകം നടന്ന വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ പ്രതി നിഷാദ് അലിയെ കൊണ്ടു വന്ന് പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.
തടിച്ചു കുടിയ ജനക്കൂട്ടത്തിനിടയിലൂടെ വൻ സുരക്ഷയിലാണ് ഇയാളെ കൊണ്ടു വന്നത്.
പ്രതിക്കെതിരെ നാട്ടുകാർ രോഷമുയർത്തി. പ്രതിയെ പിടികൂടുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് രാമപുരത്ത് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
കമ്മിറ്റിയുടെ വിപുലമായ പൊതുയോഗം ഇന്നലെ നടക്കാനിരിക്കെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ആയിഷുമ്മ അയൽപക്കക്കാർക്കും ബന്ധുക്കൾക്കും ഏറെ പ്രിയങ്കരിയായിരുന്നു.
രാമപുരത്തെ തന്റെ പഴയ വീട്ടിൽ തനിയെ പകൽ സമയങ്ങളിൽ കഴിഞ്ഞിരുന്ന അവർ രാത്രിയിൽ കിടന്നുറങ്ങാനായി അടുത്തു തന്നെയുള്ള മക്കളുടെ വീട്ടിലേക്ക് പോകുകയാണ് പതിവ്.
അയൽപക്കത്തുള്ളവരുമായി തമാശകൾ പറഞ്ഞ് ഏറെ സ്നേഹത്തോടെയാണ് പകൽ സമയം അവർ ആ വീട്ടിൽ കഴിച്ചു കൂട്ടിയിരുന്നത്.
ആയിഷുമ്മയുടെ മരണം ഇവർക്കെല്ലാം ആഘാതമായിരുന്നു.പ്രതിയെ അറസ്റ്റ് ചെയതത് നാട്ടുകാർക്ക് ആശ്വാസമായി.
പ്രതിയെ കാണാനായി തെളിവെടുപ്പ് സമയത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കൂട്ടത്തോടെ എത്തിയിരുന്നു.