മങ്കട: കോവിഡ് പ്രതിസന്ധിക്കിടെ ദീർഘദൂര യാത്രകൾ പ്രതിസന്ധിയിലായതോടെ വിനോദസഞ്ചാരികൾ ഗ്രാമങ്ങളുടെ പ്രകൃതി സൗന്ദര്യം തേടിയെത്തുന്നു.
വള്ളുവനാടൻ ഗ്രാമങ്ങളിലെ പാറക്കൂട്ടങ്ങളും മലനിരകളും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളായി മാറുകയാണ്.
വള്ളുവനാടൻ കാഴ്ചകളുടെ വിസ്മയവിരുന്നൊരുക്കുന്ന നിരവധി കുന്നിൻ പ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും മലകളും ഗുഹകളും വെള്ളച്ചാട്ടങ്ങളുമാണ് പ്രധാന ആകർഷണം.
മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറന്പ്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം, മൂർക്കനാട്, പുലാമന്തോൾ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നുണ്ട്.
വീശിയടിക്കുന്ന കാറ്റും തണുത്ത കാലാവസ്ഥയും കണ്ണിനു കുളിർമയേകുന്ന പ്രകൃതി കാഴ്ചകളും ഉദയവും അസ്തമയവും നേരിട്ട് കാണാനും ആസ്വദിക്കാനുമാണ് നിരവധിയാളുകൾ അവധി ദിനങ്ങളിൽ ഇവിടെങ്ങളിൽ ഒത്തുകൂടുന്നത്.
പൊതുസ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെയാണ് ഗ്രാമീണ ടൂറിസത്തിന്റെ പ്രസക്തി വർധിച്ചത്.
പാലൂർക്കോട്ട വെള്ളച്ചാട്ടം, കുറുവ മുക്ത്യാർക്കുണ്ട് വെള്ളച്ചാട്ടം, മീനാർകുഴി, മുണ്ടക്കോട്, പൊരുന്നുംപ്പറന്പ് കുന്നിൻ പ്രദേശങ്ങൾ, നാറാണത്ത് കാറ്റാടിപാടം,
കരിഞ്ചാപ്പാടി കാർഷിക പ്രദേശങ്ങൾ, മക്കരപ്പറന്പ് കോട്ടക്കുന്ന്, കണ്ടംപ്പറന്പ്, കൂട്ടിലങ്ങാടി ചെലൂർ, ആലുംകുന്ന്, പഴയപാലം, പുഴയോരം, മങ്കട കടന്നമണ്ണയിലെ മയിലാടിപാറ, നായാടിപ്പാറ, ചേരിയംമല, കരിമല, അരിപ്ര മണ്ണാറന്പ്, ഏലച്ചോല, കരിമല, നാടിപാറ, കൂട്ടപ്പാല, മങ്കടകോവിലകം, കടന്നമണ്ണ കോവിലകം, കർക്കിടകം മന, നേർച്ചപ്പാറ, കുരങ്ങൻ ചോലകുമാരഗിരി, കൊടികുത്തി കല്ല്, ചെകുത്താൻപാറ, കൊളത്തൂർ പന്നിക്കോട് വെള്ളച്ചാട്ടം, കോരങ്ങാട്മല, മാലാപ്പറന്പ് എടത്തറച്ചോലമിനി ഡാം, എടയൂർക്കുളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രാദേശിക വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്നത്.
സമുദ്രനിരപ്പിൽ നിന്നു ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറകൾക്ക് മുകളിൽ നട്ടുച്ചയ്ക്കു പോലും നല്ല തണുപ്പ് അനുഭവപ്പെടുന്നത് സഞ്ചാരികൾക്കു നവ്യാനുഭവമാണ്.
അതിരാവിലെയും വൈകുന്നേരങ്ങളിലും കുന്നിൻ മുകളിൽ നിന്നു താഴെക്കു നോക്കിയാൽ കണ്ണെത്താത്ത ദൂരം കോടമഞ്ഞ് മൂടി കിടക്കുന്ന മനേഹര കാഴ്ച കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നു പോലും കുടുംബസമേതം നിരവധി പേരാണ് ഇവിടെയെത്തുന്നത്.
പ്രകൃതി കാഴ്ചകൾ കാണാൻ വരുന്നവർക്ക് നിന്തികുളിക്കാൻ ചെറിയ കുളങ്ങളും കാട്ടരുവികളും പാറയ്ക്കടുത്തായി സ്ഥിതി ചെയ്യുന്നു. വലിയ കുളങ്ങളുള്ള പ്രദേശങ്ങളുമുണ്ട്.
പാറയ്ക്ക് മുകളിൽ നിന്നു നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഭൂരിഭാഗം കുന്നിൻ പ്രദേശങ്ങളും കാണാൻ കഴിയും. സമീപനാടുകളിലെ വിവാഹഫോട്ടോ ഷൂട്ടിംഗ്, ടെലിഫിലിം, ഗാന ആൽബം, യൂട്യൂബ് ചിത്രീകരണ ലൊക്കേഷനായും ഉപയോഗിക്കുന്നു.
ബ്രിട്ടീഷുകാർക്കെതിരെ സമരഒളിപ്പോരാളികൾ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറ ക്കെട്ടുകളും പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ബ്രിട്ടീഷുകാർ രണ്ടു പേരെ വെടിവച്ച് കൊന്നതും ചരിത്രമുറങ്ങുന്ന മയിലാടി പാറയുടെ താഴ്വാരങ്ങളിലായിരുന്നു.
ടിപ്പു സുൽത്താന്റെ പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച പ്രദേശമാണ് പാലൂർക്കോട്ടകുന്ന്. രുക്ഷമായ കുടിവെള്ള ക്ഷാമവും കൃഷി പണിക്ക് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്പോഴും പ്രായമായവരും കുട്ടികളും പാറക്ക് മുകളിൽ കയറി പ്രാർഥിച്ച് ഇറങ്ങുന്പോഴേക്കും മഴക്കാറു മൂടി നല്ല മഴ കിട്ടാറുണ്ടെന്ന് പഴമക്കാർ പറയുന്നു. വള്ളുവനാട് രാജവംശത്തിന്റെ ആയിരനാഴിപടി കോവിലകത്തിന്റെ കൈവശമാണ് കടന്നമണ്ണ മയിലാടി പാറയുള്ളത്.