ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളത്തിലെ ബിജെപിയിൽ സമഗ്ര അഴിച്ചുപണിക്കു ബിജെപിയും ആർഎസ്എസും. ഇന്നലെ കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റിയിൽ ആർഎസ്എസ് സഹസംഘടന സെക്രട്ടറി കെ. സുഭാഷ് എത്തിയതും ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കാനാണ്.
ആർഎസ്എസ് ബിജെപിയിലേക്കു നിയോഗിച്ച ആർഎസ്എസ് നേതാക്കൾക്കെതിരേ ഉയരുന്ന വ്യാപക പരാതികളും അഴിമതികളും സംഘടനയെ വിഷമവൃത്തത്തിലാക്കിരിക്കുകയാണ്. സമഗ്രമായ അഴിച്ചുപണി മാത്രമാണ് ബിജെപിയെ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്നാണ് ഇവരുടെ കണ്ടെത്തൽ.
ഇതിൽ സംഘടന ാ സെക്രട്ടറി ഗണേഷിനെതിരേയാണ് ഏറ്റവും അധികം വിമർശനമുയർന്നത്. ഇദ്ദേഹത്തെ തിരിച്ചു വിളിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കു ആർഎസ്എസ് കടന്നതായി അറിയുന്നു.പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്നു സംസ്ഥാന കോർ കമ്മിറ്റി നിർദ്ദേശിച്ചു. താഴെ തട്ടിൽ മാറ്റങ്ങൾ വരുത്തണം.
കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം പി.കെ. കൃഷ്ണദാസ് പക്ഷം ഉന്നയിച്ചെങ്കിലും അതല്ല, താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ആവശ്യമെന്നു മറുപക്ഷം വാദിച്ചു.
നിലവിലുള്ള 140 മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് ഇരട്ടിയാക്കി പ്രവർത്തനം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. നാലു ജില്ലകളിലെങ്കിലും നേതൃമാറ്റമുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതിനു കോർ കമ്മിറ്റി താൽപര്യമെടുത്തിട്ടില്ല. ചില സംസ്ഥാന ഭാരവാഹികളെ മാറ്റാനും ധാരണയായിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ വേണമെന്ന നിലപാടുമുണ്ട്.കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേയും വിമർശനം ഉയർന്നു.
35 സീറ്റുകളിൽ ജയിച്ചാൽ ഭരണം പിടിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആവർത്തിച്ചു പറഞ്ഞതു പരാജയത്തിനു പ്രധാന കാരണമായെന്നു ജില്ലാ, മണ്ഡലം, പഞ്ചായത്തുതല നേതാക്കൾക്ക് അഭിപ്രായമുണ്ടെന്ന റിപ്പോർട്ടാണ് കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള നാലു സമിതികളുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് ഈ പരാമർശം.കേവലഭൂരിപക്ഷം ലഭിക്കാതെ ഭരണം നേടുമെന്നു സംസ്ഥാന പ്രസിഡന്റ് തന്നെ പറയുന്നതു തെറ്റായ സന്ദേശം ജനങ്ങളിലേക്കു നൽകി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുള്ളത്.
തെരഞ്ഞെടുപ്പിൽ ആർഎസ്എസ് നടത്തിയ ഇടപെടലിൽ ചില നേതാക്കൾക്കു അതൃപ്തിയുണ്ട്. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്തവരെ പാർട്ടിയിലേക്കു നിയോഗിച്ചതു തിരിച്ചടിയായി.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ അധ്യക്ഷരായ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ യോഗത്തിൽ പങ്കെടുത്തില്ല.