കോട്ടയം: നഗരത്തിൽ നിന്നും സാമൂഹിക വിരുദ്ധരെ ഒഴിപ്പിച്ചു പോലീസ് നഗരം ക്ലീനാക്കിയെങ്കിലും എത്ര നാളത്തേയ്ക്കെന്ന് കണ്ടറിയാം. ഇന്നലെ നാഗന്പടം ബസ് സ്റ്റാന്റ് പരിസരത്തും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞിരുന്ന സാമൂഹ്യ വിരുദ്ധരെയും യാചകരെയുമാണ് പോലീസ് നീക്കിയത്.
മുന്പും സമാനമായ സാഹചര്യത്തിൽ നഗരത്തിൽ കഴിയുന്നവരെ പോലീസും നഗരസഭ അധികൃതരും ചേർന്നു നീക്കം ചെയ്യുകയും ഇവരെ റെസ്ക്യൂ ഹോമുകളിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇത്തരക്കാർ തിരികെ എത്തുന്നതും പതിവ് കാഴ്ചയായിരുന്നു.
നഗരത്തിൽ കഴിയുന്നവരിൽ ഏറെയും ലഹരി ഉപയോഗിക്കുന്നവരും യാചകരും മോഷ്്ടാക്കളുമാണെന്ന് പോലീസ് പറയുന്നു. ഏറെ നാളായി നഗരത്തിൽ മോഷ്ടാക്കളുടെ ശല്യം കൂടിവരുന്നതായി പരാതിയുണ്ടായിരുന്നു. ഇന്നലെ മദ്യലഹരിയിൽ തിരുനക്കര മൈതാനത്ത് കഴിഞ്ഞിരുന്ന ചിലർ ബഹളമുണ്ടാക്കിയിരുന്നു.
സ്ഥലത്തെത്തിയ പോലീസിനുനേരെ ഇവർ തട്ടിക്കയറി. തുടർന്നു കൂടുതൽ പോലീസ് എത്തിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. തുടർന്നായിരുന്നു കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തിയത്.
നാഗന്പടം ബസ് സ്റ്റാന്റ് പരിസരത്തും തിരുനക്കര മൈതാനത്തുമുണ്ടായിരുന്ന സാമൂഹ്യ വിരുദ്ധരെ പോലീസ് ലാത്തിവീശി ഓടിച്ചു.കഴിഞ്ഞ ദിവസം നഗരത്തിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരസഭയും നാഗന്പടത്ത് സാമൂഹിക വിരുദ്ധർ തന്പടിക്കുന്ന കെട്ടിടത്തിന്റെ ഗേറ്റ് പൂട്ടാൻ തീരുമാനിച്ചിരുന്നു.
ഇതിനു പുറമേ നഗരത്തിൽ വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപ്പൊതി കൈപ്പറ്റുന്നത് സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളുമാണെന്ന് ആക്ഷേപവും ഉയർന്നിരുന്നു. പ്രതിദിനം കോട്ടയം നഗരത്തിൽ 200ൽ അധികം പൊതിച്ചോറുകളാണ് വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്നത്.
ഇതിനായി പ്രത്യേക സ്ഥലം അനുവദിച്ചു നല്കാനും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാനും നഗരസഭ തീരുമാനിച്ചിരുന്നു. തുടർന്നാണ് പോലീസും നടപടികൾ സ്വീകരിച്ചത്.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജയിലുകളിൽനിന്ന് വിട്ടയക്കപ്പെട്ട ക്രമിനൽ സ്വഭാവമുള്ളവരും മുൻ ശിക്ഷക്കാരും നഗരത്തിൽ താവളമടിച്ചിട്ടുണ്ട്.
ഇവർ ലഹരി പദാർഥങ്ങൾ ഉപയോഗിച്ച ശേഷം പരസ്പരം തെറി വിളിക്കുന്നതും വാക്കേറ്റവും നിത്യ സംഭവമാണ്. പലർക്കും കഞ്ചാവ് വിതരണവുമുണ്ട്.നഗരത്തിൽ തിരുനക്കര ബസ് സ്റ്റാന്റ്, തിരുനക്കര മുനിസിപ്പൽ മൈതാനം, ക്ഷേത്ര മൈതാനം, കെഎസ്ആർടിസി സ്റ്റാന്റ്, ബോട്ടു ജെട്ടി പരിസരങ്ങളിലായി 100 ലധികം പേർ കടത്തിണ്ണകളിലും വഴിയോരങ്ങളിലുമായി കഴിയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് പരിശോധന.