കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനത്തിനു മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മൂന്നാഴ്ച്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
മറുപടി സത്യവാങ്മൂലം നല്കാന് മൂന്നാഴ്ച സമയം വേണമെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്.
ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്ണുനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍നിന്നു മലയാള ബ്രാഹ്മണര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ഒഴിവാക്കി ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം.
മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ വിജ്ഞാപനത്തില്‍ പറയുന്ന മറ്റു യോഗ്യതകള്‍ തങ്ങള്‍ക്കുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു.