മൂളിപ്പായുന്ന കാറുകളുമായി വേഗപ്പോരാട്ടം നടത്തുന്ന ഫോർമുല റേസിംഗിൽ ഇന്ത്യൻ ദേശീയഗാനം മുഴക്കിയ ഒരാളുണ്ട്, ജെഹാൻ ദാരുവാല. നരെയ്ൻ കാർത്തികേയൻ, കരുണ്‍ ചന്ദോക്ക് എന്നിവർക്കുശേഷം ഫോർമുല വണ്ണിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഡ്രൈവർ എന്ന അത്യപൂർവ ബഹുമതിയിലേക്കുള്ള പ്രയാണത്തിലാണ് ഇരുപത്തിരണ്ടുകാരനായ ജെഹാൻ.
ഫോർമുല വണ്ണിലേക്കുള്ള വാതായനമായ ഫോർമുല 2ൽ ആണ് ഈ യുവ റേസ് ഡ്രൈവർ മത്സരിക്കുന്നത്. ഏറ്റവും ഒടുവിലായി ഈ സീസണിൽ ഇറ്റലിയിലെ മോണ്‍സ എഫ് 2ൽ സ്പ്രിന്റ് റേസ് രണ്ടിൽ ജെഹാൻ ദാരുവാല വെന്നിക്കൊടി പാറിച്ചു. അതോടെ മോണ്‍സയിൽ ഇന്ത്യൻ പതാകയും ദേശീയഗാനവും മുഴങ്ങി. സീസണിൽ ദാരുവാലയുടെ ആദ്യ എഫ് 2 ജയമാണ്, സീസണിലെ മൂന്നാമത്തെ പോഡിയവും.
കഴിഞ്ഞ സീസണിൽ ബഹ്റിൻ എഫ് 2ൽ ജേതാവായിരുന്നു. എഫ് 2ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി അന്ന് ദാരുവാല സ്വന്തമാക്കി. എഫ് വണ്‍ ഇതിഹാസ ഡ്രൈവർ മൈക്കൾ ഷൂമാക്കറിന്റെ മകൻ മിക്ക് ഷൂമാക്കർ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയായിരുന്നു അന്ന് ദാരുവാലയുടെ ജയം.
പാഴ്സി കോളനിയിലെ വേഗക്കാരൻ
മുംബൈ ദാദറിലെ പാഴ്സി കോളനിയിലാണു ജെഹാൻ ദാരുവാലയുടെ ജനനം. 10-ാം വയസിൽ കാർട്ടിംഗിലൂടെയാണ് കാറോട്ടത്തിലേക്കു ദാരുവാല കാലെടുത്തു വച്ചത്. ഓപ്പണ്‍ വീലുള്ള കാറോട്ടമത്സരമാണു കാർട്ടിംഗ്. അതിലേക്കു നയിച്ചത് സ്വകാര്യ കന്പനി ജീവനക്കാരനായ പിതാവ് ഖുർഷിദ് ദാരുവാലയും. 2009ൽ പത്രത്തിൽ വന്ന ഒരു വാർത്തയിലൂടെയാണു കാർട്ടിംഗിനെക്കുറിച്ച് ഖുർഷിദ് അറിഞ്ഞത്. കായികപ്രേമിയായ മകനെ അത് കാണിച്ചുകൊടുക്കുകയും ചെയ്തു. കാർ റേസിംഗ് ആണ് തന്റെ വഴിയെന്ന് അന്ന് കുഞ്ഞുജെഹാൻ മനസിൽ കുറിച്ചിട്ടു.
തൊട്ടടുത്ത ദിവസത്തെ ഇംഗ്ലീഷ് പരീക്ഷ വേണ്ടെന്നുവച്ച് ജെഹാൻ കാർട്ടിംഗിന്റെ വീക്കെൻഡ് ക്യാന്പിൽ ചേർന്നു. പരീക്ഷയേക്കാൾ വലുത് തന്റെ കരിയർ തീരുമാനമാണെന്ന മകന്റെ വാദത്തിനു മുന്നിൽ അച്ഛനു മുട്ടുമടക്കേണ്ടിവരുകയായിരുന്നു എന്നതാണു വാസ്തവം.
കാർട്ടിംഗിൽ ജേതാവായതോടെ പടിപടിയായി മുന്നോട്ട്. ഏഷ്യ-പസഫിക് ചാന്പ്യൻഷിപ്പിൽ വരെ വെന്നിക്കൊടിപാറിച്ചു. 2011ൽ ഫോഴ്സ് ഇന്ത്യ നടത്തിയ വണ്‍ ഇൻ എ ബില്യണ്‍ ഹണ്ടിൽ ജേതാക്കളായ മൂന്നു പേരിൽ ഒരാളായിരുന്നു ജെഹാൻ. അതോടെ യൂറോപ്പിൽ മത്സരിക്കാനുള്ള വിളിയെത്തി, ജെഹാന്റെ കരിയറിന്റെ ടേണിംഗ് പോയിന്റായിരുന്നു അത്.
യൂറോപ്പിൽ മത്സരിക്കാൻ യോഗ്യത ലഭിച്ചതോടെ മുംബൈയിലെ ദാദറിൽനിന്ന് ഇംഗ്ലണ്ടിലെ ബോർഡിംഗ് സ്കൂളിലേക്ക്. രണ്ടാം വർഷം ബ്രിട്ടീഷ് കാർട്ടിംഗ് ചാന്പ്യൻഷിപ്പിൽ ശക്തരായ എതിരാളികളെ കീഴടക്കി ജേതാവായി.
റെഡ് ബുൾ ജൂണിയർ ടീമിൽ
നിലവിൽ റെഡ് ബുൾ ജൂണിയർ ടീം അംഗമാണു ജെഹാൻ. എഫ് വണ്ണിലേക്കുള്ള അവസാന കടന്പയാണിത്. സൂപ്പർ ഡ്രൈവർമാരായ സെബാസ്റ്റ്യൻ വെറ്റൽ, ഡാനിൽ റിക്കാർഡൊ, മാക്സ് വെർസ്റ്റപ്പെൻ തുടങ്ങിയവരെല്ലാം റെഡ് ബുൾ ജൂണിയർ ടീമംഗങ്ങളായിരുന്നു.
കഴിഞ്ഞ വർഷമാണു റെഡ് ബുൾ ജൂണിയർ ടീമിലേക്കു ജെഹാൻ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കക്കാരനായ ജാക് ക്രൗഫോഡാണ് 2020ൽ റെഡ് ബുൾ ജൂണിയർ ടീമിൽ ഇടം ലഭിച്ച മറ്റൊരു ഡ്രൈവർ. റെഡ് ബുള്ളിനു നിലവിൽ ആകെ ഏഴ് ജൂണിയർ ടീം ഡ്രൈവർമാരാണുള്ളത്.
2019ൽ ഫോർമുല 3ൽ, 2020ൽ ഫോർമുല 2ൽ… ഫോർമുല വണ്ണിലേക്കുള്ള ഉറച്ച ചുവടുവയ്പിലാണു ജെഹാൻ, അടുത്ത വർഷം അതുണ്ടാകുമെന്നാണു കാർ റേസിംഗ് പ്രേമികളുടെ വിശ്വാസം.