കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ ബാബു.
ജന്മദിനം ആഘോഷിക്കാനായി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും കടുത്ത വിഷാദത്തിലാണ് കാര്യങ്ങൾ അവസാനിച്ചതെന്നാണ് ആര്യ പറയുന്നത്.
ആര്യയുടെ കുറിപ്പ്
കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. വിഷാദം ഇത്ര മോശമായി എന്ന ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
അത്തരം വികാരങ്ങൾ വിവരിക്കുന്നതു പോലും പ്രയാസമാണ്. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് അടച്ചിരുന്ന് ആ ദിവസം പിന്നിടുകയായിരുന്നു. ഒരു കുപ്പി വൈനും ബാക്കി വന്ന അൽപം ഭക്ഷണവുമായിരുന്നു അന്നുണ്ടായിരുന്നത്.
എന്തോ ശരിയല്ലാത്തതു സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി ഉച്ചതിരിഞ്ഞ് എന്നെ തേടി വന്ന ആ വ്യക്തിയോട് നന്ദിയുണ്ട്.
എനിക്ക് 30 വയസ്സ് തികഞ്ഞ കഴിഞ്ഞ ജന്മദിനം അങ്ങനെയായിരുന്നു. ഞാൻ ശരിയായ തീരുമാനമാണ് എടുത്തിരുന്നത് എങ്കിൽ ആ ദിവസം വളരെയധികം വ്യത്യസ്തമായേനെ എന്ന് ഇപ്പോൾ തോന്നുന്നു.
സുന്ദരിയായ എന്റെ മകൾക്കും മനോഹരമായ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സന്തോഷകരമായ ദിവസം ആയേനെ അത്.
പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നോട് യാതൊരു താൽപര്യവുമില്ലാത്ത ഒരാൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനും മാത്രം വിഡ്ഢിയായിരുന്നു ഞാൻ.
അതെന്റെ വലിയ തെറ്റും മോശം തീരുമാനവും ആയിരുന്നു. അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
എന്നെ നോക്കൂ. ഇന്ന് എനിക്ക് 31 വയസ്സായി. എന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ട്.
എന്റെ ഹൃദയം സ്നേഹവും സമാധാനവും കൃതജ്ഞതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിഷമുള്ള ഏതാനും ആളുകൾ ജീവിതത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല.
കാരണം നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാൻ അതു സഹായിക്കും.
നിങ്ങളെ നിബന്ധനകളില്ലാതെ സ്നഹിക്കുന്ന, എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കുന്നവരെ തിരഞ്ഞെടുക്കൂ. എന്റെ കുടുംബത്തിന് ഒരായിരം നന്ദി.