സ്വന്തം ലേഖകന്‍
കോഴിക്കോട്: പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് അളക്കാന്‍ കെ.എസ്.ആര്‍മിയും. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ സംഘടാന ചുമതലയുള്ള കെ.പി.അനില്‍കുമാറിനൊപ്പം പ്രവര്ത്തകരുണ്ടാവില്ലെന്നു കെപിസിസി നേതൃത്വം മനസിലാക്കിയത് കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്.
എളമരം കരീം ഉള്‍പ്പെടെയുള്ള സിപിഎം ജില്ലാ നേതാക്കള്‍ അനില്‍ കുമാറുമായി നടത്തിയ ചര്‍ച്ച തിരിച്ചറിഞ്ഞ നേതൃത്വം അനില്‍ കുമാറിനു പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുമുണ്ട്.
അച്ചടക്കം പ്രധാനം
അതേസമയം പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്ന സൂചനയാണ് ഇതിലൂടെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കാന് ശ്രമിക്കുന്നത്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് അമര്‍ഷമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും നേതൃത്വം കൃത്യമായി നീരീക്ഷിച്ചുവരികയാണ്.
കൊയിലാണ്ടിയില്‍ നിയമസഭാ സീറ്റ് നിഷേധിച്ചതു മുതല്‍ കെ.പി.അനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങളോട് നീരസം ഉണ്ടായിരുന്ന നേതൃത്വം ജില്ലയിലെ എംപിമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്.
എം.കെ.രാഘവന് എംപിക്കെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ച അനില്‍കുമാറിനോടു യാതൊരുവിധത്തിലുള്ള മൃദുസമീപനവും വേണ്ടെന്ന് നേരത്തെ രാഘവനും കെ.മുരളീധരനും തീരുമാനിച്ചിരുന്നു.
പാര്‍ട്ടിയില്‍ എം.കെ.രാഘവന് മൂന്നാം തവണയും മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാനും സിപിഎം സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറിനെ വിജയിപ്പിക്കാനും അനില്‍ കുമാര്‍ ശ്രമിച്ചുവെന്ന ആരോപണമാണു പാര്‍ട്ടിയില്‍ അനില്‍ കുമാറിനെതിരായ പടയൊരുക്കത്തിന് വഴിയൊരുക്കിയത്.
കാര്യങ്ങൾ എളുപ്പമായി
ഡിസിസി പുനഃസംഘടനയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനമുന്നയിച്ചതോടെ നടപടി കുടുതല്‍ സുഗമമായി. സിപിഎമ്മുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തിയ അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുമെന്ന് രാഘവന് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു.
“കെ.എസ് ആര്‍മി”
അനില്‍ കുമാറിനൊപ്പം കുറഞ്ഞ പ്രവര്‍ത്തകർ മാത്രമേയുള്ളൂവെന്ന് ഉറപ്പിക്കാന്‍ “കെ.എസ് ആര്‍മി” റിപ്പോര്‍ട്ടിലൂടെ നേതൃത്വത്തിന് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ച് അവസാനനിമിഷം ഒഴിവാക്കപ്പെട്ടതുമുതല് എന്‍. സുബ്രഹ്മണ്യനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും വലിയ രീതിയില്‍ അനില്‍ കുമാര്‍ അകല്ച്ചപാലിച്ചതായി പാര്‍ട്ടി ജില്ലാ നേതൃത്വവും പറയുന്നു.