സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ കോൺഗ്രസിനും സിപിഎമ്മിനും എതിരായ പരാമർശങ്ങൾ മാറ്റില്ലെന്നു സിപിഐ.
സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരേ കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ പരാതി നൽകാനിരിക്കേയാണ് വിഷയത്തിൽ സിപിഐയുടെ പ്രതികരണം.
പരാതി നൽകിയാൽ അതിന്മേൽ ചർച്ച നടത്താൻ തയാറാണ്. മുന്നണി ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നും സിപിഐ നേതാക്കൾ പറയുന്നു.
രൂക്ഷവിമർശനം
ജോസ് കെ. മാണിക്കെതിരേയും കുണ്ടറയിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ രൂക്ഷ വിമർശനമുയർന്നിരുന്നു.
പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിനു ജനകീയത ഇല്ലാത്തതും കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതിനെതിരേ പരാതി നൽകുമെന്നാണ് കേരളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
എന്നാൽ, താഴേത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്താണ് റിപ്പോർട്ട് തയാറാക്കിയതെന്നും അതിൽ മാറ്റം വരുത്താൻ തയാറല്ലെന്നും സിപിഐ പറയുന്നു.
അതേസമയം, എല്ലാ ഇടത് പാർട്ടികൾക്കും ജനപിന്തുണയുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചത്.