കടുത്തുരുത്തി: മാഞ്ഞൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്ത്തിയാക്കത്തത്തില് പ്രതിക്ഷേധം വ്യാപിക്കുന്നു.
മേല്‍പാല നിര്‍മാണം വൈകൂന്നതില് വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയ പാലം പൊളിച്ചു നീക്കി പണികള്‍ ആരംഭിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ പല കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപെട്ടു.
പാലത്തോടുനുബന്ധിച്ചുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ടുള്ള തടസങ്ങളായിരുന്നു ഇവയില്‍ പ്രധാനം.
ഇതു പിന്നീട് പരിഹരിച്ചു സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. മണ്ണാറപ്പാറ റോഡിലൂടെ വരുന്ന വാട്ടര്‍ അതോറിറ്രിയുടെ പൈപ്പ് റോഡില്‍ നിന്നും മാറ്റുന്നതുമായി ബന്ധപെട്ടുണ്ടായ കാല താമസമായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസമായി വന്നത്.
ഏറേനാളത്തെ കാത്തിരിപ്പിന് ശേഷം ഇക്കാര്യത്തിലും പരിഹാരമുണ്ടായിരുന്നു. പിന്നീട് കാലാവസ്ഥയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കിയത്.
ശക്തമായ മഴയെ തുടര്‍ന്ന് പണികള്‍ നടത്തുക ശ്രമകരമായി മാറിയതോടെ കരാറുകാരന് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തി.
ഇതോടെ നാമമാത്രമായ പണികള്‍ മാത്രമാണ് കുറേ നാളുകളോളം നടന്നിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ തൊഴിലാളികളുടെ എണ്ണം കൂട്ടി പണികളുടെ വേഗംവര്ദ്ധിപ്പിച്ചിട്ടുണ്ട്.
ഏറ്റുമാനൂര്‍-കുറുപ്പന്തറ റെയില്‍വേ പാത ഇരട്ടിപ്പിക്കലിനോടുനുബന്ധിച്ചു മാഞ്ഞൂര്‍-മള്ളിയൂര്‍-മണ്ണാറപ്പാറ ബൈപാസ് റോഡില്‍ നിര്‍മിക്കുന്ന റെയില്‍വേ മേല്‍പാലം പൂര്‍ത്തിയാകുന്നതിനുള്ള കാത്തിരിപ്പ് നീളാന്‍ ഇനി ഇടയാക്കരുതെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
മാഞ്ഞൂരിലേക്കും മണ്ണാറപ്പാറയിലേക്കുമായി തിരിയുന്ന ഭാഗങ്ങള്‍ തമ്മില്‍ കൂടി ചേര്‍ന്നാണ് മേല്പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്നത്.
ഈ ഭാഗത്തെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ഉള്‍പെടെ പൂര്‍ത്തിയായെങ്കിലും ഈ ഭാഗം പൂര്‍ണമായും കാട് കേറി മൂടിയ നിലയിലാണ്.
14 പേരുടെ ഭൂമിയാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്. പഴയ പാലം പൊളിച്ചു നീക്കുകയും പുതിയ പാലം പൂര്‍ത്തിയാകുന്നത് വൈകൂകയും ചെയ്തതോടെ പ്രദേശത്തെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായിരിക്കുന്നത്.
പുതിയ മേല്‍പാലം 10.3 മീറ്റര്‍ വീതിയിലും 37 മീറ്റര്‍ നീളത്തിലുമാണ് നിര്‍മിക്കുന്നത്.