കോഴിക്കോട്: ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാർട്ട് എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികൾക്ക് വേണ്ടിയാണ് ബഹുമുഖ സേവനങ്ങൾ നൽകുന്ന ആപ്ലിക്കേഷൻ വിപണിയിലിറക്കുന്നതെന്ന് കോഴിക്കോട് വ്യാപാര ഭവനിൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തുകൊണ്ട് ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു.
ഇ-ഷോപ്പിംഗ്, ഹൈപ്പർ ലോക്കൽ ഡെലിവറി, ഡിജിറ്റൽ വാലറ്റ്, ജിയോ സേർച്ചിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലറ്റിക്സ്, സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ്, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ആപ്പ്.
വ്യാപാരികൾ തങ്ങളുടെ ഷോപ്പ് പെപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഷോപ്പിനെ ഡിജിറ്റൈസ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്.
ഡെലിവറി സിസ്റ്റം വഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും സാധിക്കും. സേവ് ദ മർച്ചന്റ് എന്ന കാന്പയിൻ വഴി അർഹരായ മുഴുവൻ ആളുകൾക്കും കൈതാങ്ങായി പെപ്പകാർട്ടിനെ മാറ്റുകയാണ് ലക്ഷ്യം.