കോട്ടയം: നഗരത്തിൽ കളംനിറഞ്ഞു ബ്ലേഡ് മാഫിയ. ഏറെ നാളുകളായി കോട്ടയത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വട്ടിപ്പലിശക്കാർ പിൻവലിഞ്ഞിരിക്കുകയായിരുന്നു.
കോവിഡിനെ തുടർന്ന് എല്ലാവരും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായതോടെയാണ് ബ്ലേഡ് പലിശക്കാർ തലപൊക്കിയിരിക്കുന്നത്.
കൊള്ളപലിശയ്ക്കു ചെറിയതുക മുതൽ വൻതുക വരെ കടം നൽകുന്ന പത്താംകളം മോഡലിലുള്ള വിവിധ സംഘങ്ങളാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നത്.
നഗരത്തിലെ വിവിധസ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പത്താംകളം കഞ്ഞിക്കുഴിലാണു തന്പടിക്കുന്നത്. കഞ്ഞിക്കുഴിയിലെ ഒരു ബിൽഡിംഗ് താവളമാക്കിയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ.
പകൽ സമയങ്ങൾ ഇവിടെ ആരുമുണ്ടാകില്ല. വൈകുന്നേരം നാലു മുതൽ പലിശയ്ക്കു പണം നൽകുന്ന സംഘങ്ങൾ ഇവിടെ സംഘടിക്കുന്നു. നിരവധിയാളുകളാണു പണം വാങ്ങുന്നതുൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നതിനായി ഇവിടെ എത്തുന്നത്.
ആറു പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളാണ് പലിശ ഇടപാടുകൾ നടത്തുന്നത്. കീഴുക്കുന്ന്, മാങ്ങാനം പ്രദേശത്ത് നിന്നുള്ള രാജൻ, സത്യൻ, ജോമോൻ എന്നിവരാണ് പണമിടപാടുകൾക്കു നേതൃത്വം നല്കുന്നത്.
ദിവസേന പണം പിരിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ പണം നല്കാതിരുന്നാൽ ബഹളമുണ്ടാക്കുകയും അസഭ്യവർഷം നടത്തുന്നതായും പരാതി.
ബ്ലേഡ് സംഘങ്ങൾ ഇവിടെ തന്പടിക്കുന്നതു സമീപത്ത് വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
വ്യാപാരികളെയും സാധാരണക്കാരെയും ഉൗറ്റി പിഴിഞ്ഞാണ് ഇവർ വളരുന്നത്. ജില്ലയിൽ കിഴക്കൻ പ്രദേശങ്ങളിൽ ബ്ലേഡ് മാഫിയ മുന്പുതന്നെ താവളമാക്കിയതാണ്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരങ്ങളും തിരക്കുള്ള ജംഗ്ഷനുകളും വിപണിപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള ബ്ലേഡ് മാഫിയയുടെ ഇടപെടൽ.
മിക്ക ചെറുകിട വ്യാപാരികൾക്കും കച്ചവടത്തിൽനിന്നു വരുമാനം പ്രതീക്ഷിച്ച നിലയിൽ ലഭിച്ചു തുടങ്ങിയിട്ടില്ല. കുടുംബം പോറ്റാൻ പോലുമുള്ള പണം വ്യാപാരികൾക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്ലേഡ് മാഫിയയുടെ കടന്നുകയറ്റം.
നിർധനരായ വ്യക്തികളും കുടുംബങ്ങളുമാണ് അത്യാവശ്യ കാര്യങ്ങൾക്കു ഇത്തരം വ്യക്തികളിൽനിന്നും പണം കടമെടുക്കുന്നത്.
പോലീസ് പരിശോധനകൾ ശക്തമാക്കി അനധികൃത പണമിടപാടു നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.