കോവിഡ് വ്യാപനം ഒട്ടുമിക്ക വ്യവസായങ്ങള്‍ക്കും കനത്ത തിരിച്ചടി നല്കിയപ്പോള് ചില പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസ്ക് വ്യവസായം.
വിവിധ തരത്തിലുള്ള മാസ്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ ഒട്ടുമിക്കതും ഫലപ്രദമല്ലെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വിവിധ തരം മാസ്കുകളെ കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വീടുകളില്‍ നിര്‍മിക്കുന്ന സാധാരണ കോട്ടണ്‍ മാസ്ക്കുകള്‍ക്ക് കോവിഡ്ബാധയെ തടയാനാകില്ലെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
കുറഞ്ഞത് മൂന്ന് ലയറെങ്കിലുമുണ്ടെങ്കിലേ കോവിഡ് പ്രതിരോധം കാര്യക്ഷമമാകൂ. സര്‍ജിക്കല്‍ മാസ്കും എന്‍ 95 മാസ്കും തന്നെയാണ് കോവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും ഉത്തമം എന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്.
സാധാരണക്കാര്‍ക്ക് സര്‍ജിക്കല്‍ മാസ്കുകള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ പഠനറിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്.
നോവല്‍ കൊറോണ വൈറസ് രണ്ടുതരത്തിലാണ് വായുവിലൂടെ പകരുനത്. രോഗബാധിതനായ ഒരു വ്യക്തി സംസാരിക്കുകയോ, ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോള്‍ അയാളുടെ ശരീരത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വലിയ ദ്രാവക കണങ്ങളിലൂടെ ഈ വൈറസ് പകരാം.
ഈ വലിയ കണങ്ങള്‍ക്ക് ചെറിയ ദൂരം മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളു പിന്നീട് ഇവ നിലത്തു പതിക്കുന്നു.രണ്ടാമതായി എയറോസോള്‍ എന്ന് വിളിക്കപ്പെടുന്ന ചെറിയ ദ്രാവക കണങ്ങളിലൂടെയും വൈറസിന് വ്യാപിക്കാനാകും.
ഇവയും വൈറസ് ബാധിതനായ ഒരു വ്യക്തിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ദ്രാവക കണങ്ങളാണ്. എന്നാല്‍, ഇവയ്ക്ക് താരതമ്യേന കൂടുതല്‍ നേരം വായുവില്‍ തങ്ങിനില്ക്കാന് കഴിയും, പ്രത്യേകിച്ചും വായുസഞ്ചാരം ഇല്ലാത്തെ മുറികളില്‍.
വലുതും ചെറുതുമായ രണ്ടുതരത്തിലുള്ള ദ്രാവക കണങ്ങളേയും തടയുവാന്‍ ഫേസ് മാസ്കുകള്ക്കാവും. എന്നാല്‍, തുണികൊണ്ടുള്ള മാസ്ക്കുകളേക്കാള്‍ ഏറെ കാര്യക്ഷമമായി ഈ ദ്രാവക കണങ്ങളെ തടയുന്നത് സര്‍ജിക്കല്‍ മാസ്കുകളും എന്‍ 95 മാസ്കുകളുമാണെന്നാണ് പഠനത്തില്‍ വ്യക്തമായത്.
ഇതിനാല്‍ തന്നെ പല യൂറോപ്യന്‍ വിമാനക്കമ്പനികളും തുണി മാസ്ക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകരം കൂടുതല്‍ കാര്യക്ഷമമായ സര്‍ജിക്കല്‍ മാസ്കുകളാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
അമേരിക്കയിലും തുണി മാസ്കുകളോട് ഇതേ മനോഭാവമാണ് ശാസ്ത്രജ്ഞര്‍ക്ക്. എന്നാല്‍, ചില സവിശേഷതകള്‍ ഉണ്ടെങ്കില്‍ തുണികൊണ്ടുള്ള മാസ്കും കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
കൃത്രിമമായി ഉണ്ടാക്കിയ ദ്രാവക കണങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണം നടത്തിയത്.
വ്യത്യസ്ത തരത്തിലുള്ള മാസ്കുകളിലൂടെ എങ്ങനെ ഈ കണങ്ങള്‍ കടന്നു പോകുന്നു എന്ന പരീക്ഷണമായിരുന്നു നടത്തിയത്.
ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന മാസ്കുകള്‍ക്ക് പുറമേ ഹാന്‍ഡ് കര്‍ച്ചീഫ്, ടവല്‍, സര്‍ജിക്കല്‍ മാസ്ക് എന്നിവയും ഇതിനായി ഉപയോഗിച്ചു.