ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.
അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ജിഗ്നേഷ് കോൺഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയതായാണ് വിവരം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യകുമാർ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വൻ മാർജിനിൽ പരാജയപ്പെട്ടിരുന്നു. കനത്ത തോൽവി കനയ്യയ്ക്കു തിരിച്ചടിയായി.
ബിഹാറിൽ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറിൽ പാറ്റ്നയിലെ സിപിഐ ഓഫീസിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കനയ്യയെ 2021 ഫെബ്രുവരിയിൽ സിപിഐ നേതൃത്വം ശാസിച്ചിരുന്നു. കനയ്യകുമാർ ജെഡി-യുവിൽ ചേരുമെന്ന് ഇടക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നു.
കനയ്യയെ പാർട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തലയെടുപ്പുള്ള നേതാക്കളുടെ അഭാവമുള്ള കോണ്‍ഗ്രസിന് കനയ്യ എത്തുന്നത് ഏറെ പ്രയോജനം ചെയ്യും. ആൾക്കൂട്ടത്തെ പ്രത്യേകിച്ച്, യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന നേതാവാണു കനയ്യകുമാർ.