കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം ഭയന്ന് വാക്‌സിനെടുക്കാന്‍ മടിക്കുന്ന നിരവധി ആളുകളുണ്ട്. ഈ അവസരത്തില്‍ വാക്‌സിനെടുത്ത ശേഷം തങ്ങളുടെ ആര്‍ത്തവചക്രം തെറ്റി എന്ന് അവകാശപ്പെട്ട് 30,000 ബ്രിട്ടീഷ് വനിതകള്‍ രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവരുടെ പരാതി.
സെപ്റ്റംബര്‍ രണ്ടുവരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു.
ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്‌സിനുകളിലാണ് ഈ പാര്‍ശ്വഫലം ദൃശ്യമായിരിക്കുന്നത്. എന്നാല്‍, പ്രത്യൂല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറര്‍ ഡോ. വിക്ടോറിയ മെയില്‍ പറയുന്നത്.
എന്നാല്‍, ആര്‍ത്തവചക്രത്തിലെ ക്രമരാഹിത്യവും കോവിഡ് വാക്‌സിനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അഥോറിറ്റി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ വാക്‌സിന്‍ നല്‍കുന്നതോടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ആര്‍ത്തവചക്രത്തേ ബാധിച്ചേക്കാം എന്നാണ് ഡോ. മെയില്‍ പറയുന്നത്.
നേരത്തേ എച്ച്പിവി(ഹ്യൂമന്‍ പാപ്പിലോമ വൈറസ്) വാക്‌സിന്‍ എടുത്തവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അസാധാരണമായ ഒന്നും ഇതിലില്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്രയധികം സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ചതാണ് സംശയത്തിനിടയാക്കുന്നത്.
പ്രൈമറി കെയര്‍ ക്ലിനിഷ്യന്മാരുടെ അടുത്തും അതുപോലെ റീപ്രൊഡക്ടീവ് ഹെല്ത്ത് കെയര്‍ മേഖലയിലെ ഡോക്ടമാരുടെ അടുത്തും ഇത്തരത്തിലുള്ള പരാതികളുമായി നിരവധി സ്ത്രീകള്‍ എത്തുന്നു എന്നും ഡോ. മെയില്‍ പറയുന്നു.
ഇത് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും കോവിഡ് വാക്‌സിന്‍ പ്രത്യൂല്‍പാദന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പരീക്ഷണങ്ങളില്‍ ബോദ്ധ്യപ്പെട്ടതിനാല്‍ അമിത ഭയത്തിന്റെ ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.