വൈക്കം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ടിവിപുരം ചെമ്മനത്തു കരയിൽ കരിയാറിന്റെ തീരത്തെ പൊതിമടൽകുഴിയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
വൈക്കത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 20 വർഷം മുന്പ് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
തുടർന്നാണ് പുഴയുടെ തീരംവരെ നീളുന്ന റോഡ് നിർമിച്ച കരാറുകാരനിൽനിന്നും ജോലിക്കുണ്ടായിരുന്നവരിൽ പോലീസ് വിവരം ശേഖരിക്കുന്നത്. ഏതാണ്ട് 10 വർഷം മുന്പാണ് ഇവിടെ റോഡ് നിർമിച്ചത്.
നിർമാണ സമയത്ത് വെള്ളക്കുഴിയായി കിടന്ന പ്രദേശത്തു റോഡു തീർക്കാൻ പൂഴിയും കല്ലും മറ്റും കൊണ്ടുവന്നു നിക്ഷേപിച്ചപ്പോൾ അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോയെന്നും മറ്റുമാണ് അന്വേഷിക്കുന്നത്.
ഇത്തരത്തിൽ ദൂര സ്ഥലങ്ങളിൽ നിന്നും മണ്ണ് കൊണ്ടു നിക്ഷേപിക്കുന്പോൾ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
20 വർഷത്തിനിടയിൽ ഉണ്ടായ തിരോധാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ 20 വർഷത്തിനിടയിൽ കാണാതായവരുടെ പട്ടികയും പരിശോധിച്ചു അന്വേഷണം നടത്തുന്നതിനൊപ്പം വൈക്കത്തെ ടിവി പുരം, തലയാഴം പഞ്ചായത്തുകളിലെയടക്കം റിപ്പോർട്ട് ചെയ്യപ്പെടാത്ത മനുഷ്യരുടെ തിരോധാനങ്ങളെക്കുറിച്ചും അന്വേഷിച്ചിക്കുന്നുണ്ട്.
വീടുകളിൽ പണിക്കു നിന്ന മറുനാട്ടുകാരാരെങ്കിലും കൊല ചെയ്യപ്പെട്ട് മടൽക്കുഴിയിൽ ചവിട്ടി താഴ്ത്തപ്പെട്ടതാണോയെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.
വീടുകളിൽ ജോലിക്കുവന്നവരാരെങ്കിലും അവിഹിത ബന്ധമോ മോഷണമോ ആരോപിക്കപ്പെട്ട് കൊലചെയ്യപ്പെടുകയോ ആലപ്പുഴ ജില്ലയിൽനിന്നു വൈക്കത്ത് പണിക്കോ മറ്റോവന്നവർ ഏതെങ്കിലും സംഘർഷത്തിൽപ്പെട്ടു കൊല ചെയ്യപ്പെട്ടിരിക്കാമെന്ന സംശയവും പോലീസിനുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ ജനപ്രതിനിധികളായിരുന്നവരിൽനിന്ന് പോലീസ് വിവരങ്ങൾ തേടി വരികയാണ്. മൃതദേഹാവശിഷ്ടങ്ങൾ 40നും 50നും ഇടയിൽ പ്രായമുള്ളയാളുടേതാണെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇതിനകം പോലീസ് ജില്ലയിലെ കാണാതായ 100 ലധികം പേരുടെ വിവരങ്ങൾ ശേഖരിച്ചു.
ഇതിൽ സംശയം തോന്നിയ ഒന്പതു പേരിൽ മൂന്നുപേരുടെ സാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. അടുത്താഴ്ച ഡിഎൻഎ പരിശോധന ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽപേരുടെ സാന്പിളെടുത്ത് പരിശോധനയ്ക്കു അയക്കും. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.