പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു. പ്രതിഭ എംഎല്‍എയുടെ വാക്കുകളെ പിന്തുടര്ന്ന് പത്തനംതിട്ടയിലെ പാര്ട്ടിയോഗങ്ങളില് സജീവ ചര്‍ച്ച.
സിപിഎം സമ്മേളന കാലയളവായതിനാല്‍ ചൂടുള്ള വിഷയം ലഭിക്കാന്‍ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎല്‍എ വെടിപൊട്ടിച്ചത്.
പരാതി പറഞ്ഞു മടുത്ത പാര്‍ട്ടി അംഗങ്ങള്‍ പരസ്യചര്‍ച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മന്ത്രിയുടെ പേരു പറയാതെ യു. പ്രതിഭ ആഞ്ഞടിച്ചത്.
പിന്നാലെ അതു നമ്മുടെ സ്വന്തം മന്ത്രി തന്നെയെന്നു പറഞ്ഞ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആദ്യം വെടിപൊട്ടി. എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ വിളിച്ചാല്‍ ഫോണെടുക്കാത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ ഒട്ടുമേ ഫോണെടുക്കില്ലെന്നു പറഞ്ഞ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതിയുടെ കെട്ടഴിച്ചു.
അത്യാവശ്യത്തിനു വിളിച്ചാൽ പോലും!
അത്യാവശ്യ കാര്യങ്ങള്‍ക്കു വിളിച്ചാല്‍പോലും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് കൗണ്‍സിലര്‍മാര്‍ നിരത്തി. രണ്ടുദിവസങ്ങള്‍ക്കിടെ ചേര്‍ന്ന സിപിഎം പത്തനംതിട്ട നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളിലും വിഷയം ചര്‍ച്ചയ്ക്കു വന്നു.
മന്ത്രി എന്തേ ഫോണെടുക്കാത്തത് എന്ന ചോദ്യം നേരത്തെ ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. ഇന്നലെ നടന്ന ചില ബ്രാഞ്ച് സമ്മേളനങ്ങളിലും മന്ത്രിയുടെ നടപടികള്‍ വിമര്‍ശന വിധേയമായെന്നു പറയുന്നു.
മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ പാര്‍ട്ടി നേതാക്കന്മാരെ ഒഴിവാക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. ആറന്മുളയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി പങ്കെടുത്ത നേതാക്കന്മാരുടെയും അംഗങ്ങളുടെയും പേരുവിവരം അടക്കം റിപ്പോര്‍ട്ടായി പുറത്തുവന്ന തൊട്ടടുത്ത ദിവസംതന്നെയാണ് മറ്റൊരു വിവാദത്തിനു മണ്ഡലത്തില്‍ തുടക്കമിട്ടിരിക്കുന്നത്.