ആർ സി ദീപു
നെടുമങ്ങാട്: സിനിമയോടുള്ള അഭിനിവേശത്തിൽ നാടിനും നാട്ടുകാർക്കും വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് ഒരു സംഘം ചെറുപ്പക്കാരുടെ വെബ് സീരീസ് ശ്രദ്ധേയമാകുന്നു.പാലോട് പേരയം സ്വദേശികളായ ചെറുപ്പക്കാരുടെ ഹ്രസ്വ ചിത്ര പരമ്പരയാണ് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നത്.
നിരവധി ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിരുന്ന കൂട്ടായ്മ കോവിഡിൽ ജനജീവിതം ദുസ്സഹമായപ്പോൾ ജനങ്ങൾക്ക് അവബോധം സൃഷ്ടിച്ചുകൊണ്ട് “കർഫ്യൂ ‘ എന്നപേരിൽ പുറത്തിറക്കിയ ഹ്രസ്വചിത്ര പരമ്പരയാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്.
ലോക്ക്ഡൗൺ കാരണം ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും കൊറോണയോട് പൊരുതി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ അനുഭവങ്ങളും ഇതിവൃത്തമാക്കി നർമ്മത്തിൽ പൊതിഞ്ഞതായിരുന്നു കർഫ്യുവിന്റെ എപ്പിസോഡുകൾ. പുറത്തിറങ്ങിയ അഞ്ച് എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചമായി. സമൂഹത്തിലെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റി.
തുടർന്ന് മുഴുനീളെ നർമവുമായെത്തിയ “മണിയൻ മേശിരി’യും ഇതിനോടകം വൈറലായി. നാട്ടിൻപുറത്തിന്റെ തനത് ശൈലിയിൽ പൊട്ടിച്ചിരികളുണർത്തിയ ‘മണിയൻ മേശിരി’ നിരവധിപേർ കാണുകയും ഏറ്റെടുക്കുകയും ചെയ്തു. ഉപാധികളില്ലാത്ത നർമ്മരസ മുഹൂർത്തങ്ങൾ സമ്മാനിച്ച മണിയൻ മേശിരി സൂപ്പർഹിറ്റായി.
മാസ് എന്റർടൈൻമെന്റ്സ് എന്ന തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ഇവരുടെ എപ്പിസോഡുകളെത്തുന്നത്.ശരത് നന്മ സംവിധാനവും ടി എസ് വിനീത്, ലാൽ, വിഷ്ണു പാലോട്, ഹരിമോഹൻ, അഭിരാം, മീഡിയ ഫീൽഡ്, സിദ്ധാർഥ് എസ് ആർ, ഭരത് എന്നിവർ പിന്നണിയിലും പ്രവർത്തിച്ചു.
സുരേഷ്, വിപിൻ ടി എസ്, അനീഷ് കെ ജെ, അമൽ മോഹൻ, രാജേഷ്, മനുമോഹൻ, വിഷ്ണു ജെ കെ, ശ്രീജേഷ് എം ആർ, രാഹുൽ വിജയ്, ജിതിൻ രാജ്, വിജിൻ ദാസ് എന്നിവരാണ് രംഗത്തുള്ളത്.ഇനിയും ഈ കൂട്ടായ്മയിൽ നിന്നും പുതിയ സംരംഭങ്ങൾ പ്രതീക്ഷിക്കാം.