ഗാന്ധിനഗർ: തലച്ചോറിന്റെ പിൻഭാഗത്തെ സങ്കീർണമായ ട്യൂമർ, താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് സംസ്ഥാനത്തിന് അഭിമാനമായി കോട്ടയം മെഡിക്കൽ കോളജ്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യമായാണ് ഇത്തരത്തിൽ സങ്കീർണമായ ശരീര ഭാഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതെന്ന് ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.
ഇടുക്കി സ്വദേശിനിയായ റാണി(42)യാണ് ശസ്ത്രക്രിയയ്ക്കു വിധേയമായത്. തലവേദനയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ ഇവർ ചികിത്സയ്ക്ക് എത്തുന്നത്.
വിദഗ്ധ പരിശോധനയിൽ തലച്ചോറിന്റെ പിൻഭാഗത്ത് വെള്ളക്കെട്ട് കാണപ്പെട്ടു. തുടർന്ന് തല തുറന്ന് ശസ്ത്രക്രിയ നടത്തി.
പിന്നീട് ശസ്ത്രക്രിയ നടത്തിയ ഭാഗ ത്തെ ട്യൂബിൽ അണുബാധയുണ്ടായതോടെയാണ് അടിയന്തരമായി താക്കോൽ ദ്വാര ശസത്രക്രിയ നടത്തിയത്.
സാധാരണ ഇത്തരം ശസ്ത്രക്രിയ തല തുറന്നാണ് ചെയ്യേണ്ടത്. ഇത് അപകട സാധ്യതയും നീണ്ടകാല ആശുപത്രി വാസത്തിനും കാരണമാകും.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 13ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തലയിൽ ചെറിയ മുറിവ് മാത്രമാണ് ഉണ്ടായത്.
ദിവസങ്ങൾക്കുള്ളിൽ ആരോഗ്യനില മെച്ചപ്പെട്ട് പൂർണ ആരോഗ്യവതിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് റാണിയെ ഡിസ്ചാർജ് ചെയ്തു.
ഡോ.പി.കെ. കൃഷ്ണന്റെ നേതൃത്വത്തിൽ ഡോ.വിനു വി. ഗോപാൽ, ഡോ. ടിനു രവി എബ്രഹാം, ഡോ. ഷാജു മാത്യൂ, ഡോ. ഫിലിപ് ഐസക്, ഡോ. ഇഫ്രാൻ, ഡോ. ജിയോ, ഡോ അജക്സ്, ഡോ. ടോം, ഡോ. ഹാരീസ്, ഡോ. പാർഥ്, ഡോ. അമൃത, ഡോ. ഷമീൽ എന്നിവരായിരുന്നു ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത്.