കോൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തികഞ്ഞ പരാജയമെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുൽ പ്രയോജനപ്പെടുത്തിയില്ലെന്നും ജാഗോ ബംഗ്ള എന്ന തൃണമൂൽ മുഖപത്രത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമേ കഴിയൂ. മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തിൽ പറയുന്നു.
അതേസമയം, തൃണമൂൽ മുഖപത്രത്തെയും മമതയേയും കടുത്ത ഭാഷയിൽ വിമർശിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി.
മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റുള്ള പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമത എടുക്കാറുള്ളത്. മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയ്ക്ക് അധികാരമോഹമെന്ന് വാർത്തയോടു കോൺഗ്രസ് പ്രതികരിച്ചു.