നെടുങ്കണ്ടം: ഭാര്യയെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയ യുവാവിന് മർദനമേറ്റു. ഉടുന്പൻചോല ശിങ്കാരികണ്ടം സ്വദേശി ശരത്കുമാർ(29) നാണ് പരുക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തേനി മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ശിങ്കാരികണ്ടം രാജ്ഭവൻ ഭീമരാജനെതിരെ ഉടുന്പൻചോല പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഭീമരാജന്റെ മകൾ നിലവും ശരത്കുമാറും തമ്മിൽ മുന്പ് പ്രണയത്തിലായിരുന്നു. എന്നാൽ ശരത്കുമാർ പ്രിയദർശിനി എന്ന യുവതിയെയാണ് വിവാഹം ചെയ്തത്.
ഇത് സംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ പലതവണ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഉടുന്പൻചോല ടൗണിൽ പ്രിയദർശിനിയും നിലവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.
നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഇതേത്തുടർന്ന് ഭീമരാജനും ഭാര്യയും നിലവും ഭർത്താവും ശരത്കുമാറിന്റെ വീട്ടിലെത്തുകയും പ്രിയദർശിനിയെയും ശരത്കുമാറിന്റെ അമ്മയെയും മർദ്ദിക്കുകയും ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്യാൻ ഭീമരാജന്റെ വീട്ടിലെത്തിയ ശരത്കുമാറിനെ കന്പിവടികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.