പ്രദേശത്തെ പെട്രോള്‍ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഒടുവില്‍ കുമരകം ചെങ്ങളത്തുള്ള പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
കാറിനുള്ളില്‍ ഉണ്ടായിരുന്ന വ്യക്തി ബിലാലിനോടു സാമ്യമുള്ള ആളായിരുന്നു. മുഹമ്മയിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ അടിക്കുന്ന ദൃശ്യത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ വ്യക്തമായ ദൃശ്യം പോലീസിനു ലഭിച്ചു.
മോഷ്ടിച്ച കാറുമായി കുമരകം തണ്ണീര്‍മുക്കം വഴി മുഹമ്മയിലെത്തിയ ഇയാള്‍ ആലപ്പുഴയില്‍ കാര്‍ ഉപേക്ഷിച്ചു.
തുടര്‍ന്നു കൊച്ചിയേക്കു കടന്നു. കൊച്ചിയില്‍നിന്നു ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പോലീസിനു ലഭിച്ചു. അങ്ങനെ പോലീസ് സംഘം കൊച്ചിയിലേക്കു പുറപ്പെട്ടു.
പ്രതിയുടെ അറസ്റ്റ്
എറണാകുളം ചേരാനെല്ലൂരിലെ മായാവി ഹോട്ടലിലാണ് അന്വേഷണ സംഘം എത്തിയത്. ആ സമയം അവിടെ ഹോട്ടല്‍ ഉടമ ഉണ്ടായിരുന്നില്ല.
അയാള്‍ വരുന്നതുവരെ പോലീസ് പുറത്തു കാത്തുനിന്നു. ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു ദിവസം മുമ്പ് തനിക്കു പരിചയമുള്ള ഒരാള്‍ അവിടെ ജോലി അന്വേഷിച്ചു വന്നതായി അറിയാന്‍ കഴിഞ്ഞു.
ഹോട്ടലിലെ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ അയാള്‍ ഉണ്ടെന്നും ഹോട്ടലുടമ പോലീസിനെ അറിയിച്ചു.
ഗെയിം കളി
പോലീസ് സംഘം ആ വാടകവീട്ടില്‍ എത്തുമ്പോള്‍ അവിടെ ഹോട്ടല്‍ തൊഴിലാളികളായ അഞ്ച് ഇതര സംസ്ഥാനക്കാർ ഉണ്ടായിരുന്നു.
അവരില്‍നിന്നെല്ലാം അകന്നു മാറിയിരുന്നു ബിലാല്‍ മൊബൈലില്‍ ഗെയിം കളിക്കുന്നതാണ് പോലീസ് കണ്ടത്.
പോലീസ് സംഘം ബിലാലിനെ ചോദ്യം ചെയ്തെങ്കിലും ആദ്യം അയാള്‍ അതെല്ലാം നിഷേധിച്ചു. തുടര്‍ന്ന് പോലീസ് സംഘം അയാളുടെ ബാഗ് പരിശോധിച്ചു.
അതില്‍ ഷാനി മന്സിലില്നിന്നു മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ബിലാലിന് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല.
അയാള്‍ കുറ്റം സമ്മതിച്ചു. അങ്ങനെ 2020 ജൂണ്‍ നാലിന് താഴത്തങ്ങാടി ചിറ്റയില്‍ മുഹമ്മദ് ബിലാല്‍(23) നെ പോലീസ് അറസ്റ്റ് ചെയ്തു.
നടന്നതിങ്ങനെ
കൊല നടത്തിയ വിവരങ്ങള്‍ ബിലാല്‍ പോലീസിനോടു വ്യക്തമാക്കി. കൊലപാതകം നടന്ന വീടിനു പിന്നില്‍, ഷീബയുടെ സഹോദരന്റെ വീട്ടില്‍ പ്രതി മുമ്പ് വാടകയ്ക്കു താമസിച്ചിരുന്നു.
അക്കാലത്തു മുഹമ്മദ് സാലിയുടെ വീടുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ആ കുടുംബത്തിന് ഇയാള്‍ സഹായിയായിരുന്നു.
മേയ് 31ന് നാടു വിടണമെന്ന ലക്ഷ്യത്തില്‍ പ്രതി താഴത്തങ്ങാടി ഇല്ലിക്കല്‍ ചിന്മയ സ്കൂളിലിനു സമീപമുള്ള സ്വന്തം വീട്ടില്‍ നിന്നിറങ്ങി.
രാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങി. പിറ്റേന്നു പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടില്‍ വൈദ്യുതി വെളിച്ചം ഉണ്ടായിരുന്നില്ല.
അവര്‍ ഉണരുന്നതുവരെ വീടിനു പുറത്തു കാത്തിരുന്നു. വീട്ടില്‍ ലൈറ്റ് പ്രകാശിച്ചതോടെ കോളിംഗ് ബെല്‍ അടിച്ചു.
ഷീബ വാതില്‍ തുറന്നുകൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി ദമ്പതികളുമായി സംസാരിച്ചു. ഇതിനിടെ ഷീബയോടു വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവര്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മുഹമ്മദ് സാലിയോടു പണം ആവശ്യപ്പെട്ടു.
വാക്കു തകർക്കം
തുടര്‍ന്നു വാക്കുതര്‍ക്കമായി. ബിലാലിനോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. പ്രകോപിതനായ പ്രതി സമീപത്തിരുന്ന ടീപ്പോയ് എടുത്തു സാലിയുടെ തലയ്ക്കടിച്ചു.
ശബ്ദം കേട്ടു വെള്ളവുമായി ഓടിയെത്തിയ ഷീബയുടെ തലയിലും പ്രതി അടിച്ചു. അടിയേറ്റു നിലത്തു വീണ ഇരുവരും ഞരങ്ങുകയും അനങ്ങുകയും ചെയ്തതോടെ പ്രതി ഇരുവരുടെയും കൈകള്‍ വൈദ്യുതി വയര്‍ ഉപയോഗിച്ചു പിന്നില്‍നിന്നു കെട്ടി.
തുടര്‍ന്നു വയര്‍ ഉപയോഗിച്ചു ഇരുവരേയും ഷോക്ക് ഏല്‍പ്പിക്കാന്‍ ശ്രമിച്ചു.
ഒരു മണിക്കൂറോളം വീട്ടിൽ
ഒരു മണിക്കൂറോളം വീടിനുള്ളില്‍ ചെലവിഴച്ച ഇയാള്‍ അലമാരയില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്നു.
വീടിന്റെയും കാറിന്റെയും താക്കോലെടുത്തു പുറത്തിറങ്ങിയ ബിലാല്‍ സാലിയുടെ ചുവപ്പു നിറമുള്ള വാഗണ്‍ ആര് കാറുമായി കടന്നുകളഞ്ഞു.
ചെങ്ങളം ഭാഗത്തെ പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം നിറച്ച ശേഷം കുമരകം മുഹമ്മ വഴി ആലപ്പുഴയിലെത്തി. അവിടെ കളക്ടറേറ്റിന് അടുത്തായി മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളിനു സമീപം കാര്‍ ഉപേക്ഷിച്ചു.
തുടര്‍ന്നു വിവിധ വാഹനങ്ങളില്‍ കയറി എറണാകുളം ചേരാനല്ലൂരിലെത്തി. വൈകുന്നേരത്തോടെ മുമ്പ് പരിചയമുണ്ടായിരുന്ന ചേരാനെല്ലൂരിലെ ഹോട്ടലില്‍ തൊഴില്‍ തേടിയെത്തി.
അവിടെ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ താമസിക്കാന്‍ അവര്‍ അനുവദിച്ചു. മോഷ്ടിച്ച സ്വര്‍ണാഭരണവും പണവും ഈ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.
മോഷണമുതല്‍ കണ്ടെത്തല്‍
181 ഗ്രാം സ്വര്‍ണം ചേരാനല്ലൂരില്‍ ബിലാല്‍ താമസിച്ച ഫ്ളാറ്റില്‍നിന്നു പോലീസ് കണ്ടെത്തി. വാഗണ്‍ ആര് കാറ് ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി.
അവിടെനിന്ന് എടുത്ത താക്കോലുകളും മൊബൈല്‍ ഫോണുകളും തണ്ണീര്‍ മുക്കം ബണ്ടില്‍ ഉപേക്ഷിച്ചതും പോലീസ് കണ്ടെത്തി.
അന്വേഷണ മികവ്
താഴത്തങ്ങാടി ഇരട്ടക്കൊലപാതകം അന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ ടി.എസ്. റെനീഷ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.
ജില്ല പോലീസ് മേധാവി ജി. ജയദേവ്, ഡിവൈഎസ്പി ശ്രീകുമാര്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം.ജെ. അരുണ്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ടി. ശ്രീജിത്ത്, ടി.എസ്. റെനീഷ്, രാജേഷ്, ഷിബുകുട്ടന്‍, എഎസ്ഐ പി.എന്‍. മനോജ്, സിപിഒമാരായ അനീഷ്, കെ.ആര്. ബൈജു എന്നിവര്‍ക്കാണ് മികച്ച കുറ്റാന്വേഷണ വിദഗ്ധനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതിനും തൊണ്ടിമുതല്‍ മുഴുവനായി കണ്ടെത്തിയതിനും മുഖ്യമന്ത്രിപിണറായി വിജയന് അന്വേഷണ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹൻലാൽ