മട്ടന്നൂർ: കോവിഡ് കാലത്ത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുമ്പോൾ 38 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ ഇന്നലെ വരെയായി 76 കിലോയിലധികം സ്വർണമാണ് പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു.
കോവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. ഈ വർഷം പതിനാലാം തവണയാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു.
വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരും. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്.
ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ച് വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിക്കപ്പെട്ടാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതൊഴിവാക്കാൻ ഇതിൽ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വർണം കടത്തിക്കൊണ്ടു വരുന്നത്.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരായ കോഴിക്കോട് വടകര സ്വദേശികളായ മൻസൂർ പറമ്പത്ത്, സഫീന എന്നിവരിൽ നിന്നും ഒന്നരക്കോടിയോളം വരുന്ന മൂന്ന് കിലോയോളം വരുന്ന സ്വർണം ഡിആർഐയും കസ്റ്റംസും ചേർന്നു പിടികൂടിയിരുന്നു.
രഹസ്യവിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
മൻസൂർ പാന്റസിന്റെ ബെൽറ്റിന്റെ ഭാഗത്ത് ഒളിപ്പിച്ചും സഫീന വെയ്സ്റ്റ് ബെൽറ്റിനുള്ളിൽ ഒളിപ്പിച്ചുമാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കടത്താൻ ശ്രമിച്ചത്. ഇതാണ് അവസാനത്തെ സംഭവം.