ലിജിൻ കെ. ഈപ്പൻ
കോട്ടയം: സംസ്ഥാനത്ത് പോക്സോ കോടതികളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് 9677 കേസുകൾ. പോക്സോ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നതിനായി 28 താൽക്കാലിക അതിവേഗ പ്രത്യേക കോടതികൾ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ഇപ്പോഴും ഇത്രമാത്രം കേസുകൾ നിലവിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്കുകളിൽ തൃശൂരാണ് 1325 തീർപ്പാകാത്ത കേസുകളുമായി ഒന്നാമത്. കോഴിക്കോട്- 1213, തിരുവനന്തപുരം- 1000, കണ്ണൂർ- 860, കൊല്ലം- 682, എറണാകുളം- 651, പാലക്കാട്- 619, മലപ്പുറം- 613, ഇടുക്കി- 588, ആലപ്പുഴ- 516, കോട്ടയം- 514, കാസർഗോഡ്- 472, പത്തനംതിട്ട- 335, വയനാട് 262 എന്നിങ്ങനെയാണ് കണക്കുകൾ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളുമുൾപ്പെടെയുള്ള കേസുകൾ വളരെ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി 2018ൽ ക്രിമിനൽ ലോ അമെന്റ്മെന്റ് ആക്ട് നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് അതിവേഗ കോടതികളുടെ രൂപീകരണം. പോക്സോ കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആറുമാസത്തിനുള്ളിൽ വിചാരണ കഴിഞ്ഞിരിക്കണമെന്നും അതിവേഗ കോടതികളോട് നിർദ്ദേശിച്ചിട്ടുള്ളതാണ്.
2019ൽ പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റി. ഇത്രയും ദൃഢതയുള്ള നിയമമുണ്ടായിരുന്നിട്ടും പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നത് നീതി വ്യവസ്ഥയ്ക്കുതന്നെ കളങ്കമായി മാറുകയാണ്.
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും തടയുന്നതിനുംവേണ്ടി സൈബർ ഡോമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ പി- ഹണ്ട് റെയ്ഡ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഇതിനോടകം 993 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും 246 പേരെ അറസ്റ്റ് ചെയ്തു നിയമ നടപടികളും സ്വീകരിച്ചു. എന്നാൽ അതിക്രമങ്ങൾക്കിരയായവർക്ക് വേഗത്തിൽ നീതി ലഭിക്കാൻ കോടതികൾ അതിദ്രുതം പ്രവർത്തിക്കേണ്ടതുണ്ട്.
നീതി ലഭിക്കുവാനുള്ള കാലതാമസം പതിവു കഥയാകുന്പോൾ കടുത്ത മാനസിക പിരിമുറുക്കവും ഇരകൾ നേരിടുകയാണ്. വിവാഹം കഴിച്ച് പോക്സോ കേസുകൾ ഇല്ലാതാക്കുന്ന പ്രവണത കൂടിവരുന്നു.
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിൽ അടുത്തിടെ പ്രതിയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം തേടിക്കൊണ്ട് ഇരയായ പെണ്‍കുട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനായി ബലാത്സംഗം ചെയ്തുവെന്ന മൊഴി ഇരയെക്കൊണ്ടു മാറ്റി പറയിപ്പിക്കുന്നു.
രണ്ടു പെണ്‍കുട്ടികളെ പ്രതികൾ വിവാഹം കഴിച്ചുവെന്നുള്ള വസ്തുത ദിവസങ്ങൾക്കു മുന്‍പാണ് വിചാരണക്കിടെ കോടതിയെ അറിയിച്ചത്.
ബലാത്സംഗം ചെയ്ത പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞാൽ വിവാഹം കഴിച്ച് പോക്സോ കേസിൽനിന്നും പ്രതികൾ രക്ഷപ്പെടാമെന്ന സാധ്യതയാണ് ദുരുപയോഗം ചെയ്യുന്നത്.
വിചാരണ വേളയിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനു പരാതിക്കാരായ കുട്ടികളുടെ മേൽ സാന്പത്തികവും സാമൂഹികവുമായ സമ്മർദമാണ് പ്രതികൾ ചെലുത്തുന്നത്.
കേസുകൾ അനന്തമായി നീളുന്നതിനുള്ള പരിഹാരമെന്ന നിലയിലാണ് അതിവേഗ കോടതികളിൽ വിചാരണ നടത്തുന്നതെങ്കിലും കെട്ടിക്കിടക്കുന്ന കേസുകൾ ദിനം പ്രതികൂടുന്നത് ആശങ്കയുളവാക്കുന്നു.