തൊടുപുഴ: കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും ഇരട്ടക്കുട്ടികളെ അമ്മ കരുതലിൽ സുരക്ഷിതരാക്കിയശേഷം വിധിക്കു കീഴടങ്ങി.
മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)ആണ്് കോവിഡ് ബാധിച്ച് മരിക്കുംമുൻപ് ഇരട്ടക്കുട്ടികൾക്ക് ജൻമംനൽകിയത്.
വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളജിലായിരുന്നു പ്രസവം. ഇന്നലെ നില വഷളാവുകയും മരണമടയുകയുമായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. ഇവിടെ എത്തിച്ചപ്പോഴാണ് കോവിഡ് ബാധിച്ചതായും കടുത്ത ന്യുമോണിയ ഉള്ളതായും അറിയുന്നത്.
എത്രയുംവേഗം കുട്ടികളെ ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നു തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.
ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഏഴോടെ കൃഷ്ണേന്ദു മരിച്ചു.
സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. അടുത്തമാസം പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തി.