തിരുവനന്തപുരം: കാലവർഷം വിട വാങ്ങാൻ പത്തുനാൾകൂടി ശേഷിക്കേ സംസ്ഥാനത്ത് 17 ശതമാനം മഴക്കുറവ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുന്പോൾ ഇക്കുറി കാലവർഷം കണക്കു തികയ്ക്കുമെന്നു കരുതാനാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ മഴക്കാലമാണ് തെക്കുപടിഞ്ഞാറൻ കാലവർഷക്കാലം. ഇക്കാലയളവിൽ 2049.2 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടത്.
എന്നാൽ ഇന്നലെ വരെ പെയ്തത് 1616.2 മില്ലീമീറ്റർ മാത്രം. പത്തു ദിവസത്തിനുള്ളിൽ 433 മില്ലീമീറ്റർ മഴ കൂടി പെയ്താൽ മാത്രമേ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചതായി കണക്കാക്കാൻ കഴിയുകയുള്ളൂ.
എന്നാൽ അടുത്ത ഒരാഴ്ച കൂടി കാലവർഷം ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാവർഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു. വയനാട് ജില്ലയിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷം. ഇന്നലെ വരെ 31 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിൽ 27 ശതമാനവും മലപ്പുറം, കണ്ണൂർ ജില്ലകളിൽ 23 ശതമാനവും തൃശൂരിൽ 22 ശതമാനവുമാണ് മഴക്കുറവ്. തിരുവനന്തപുരം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ 19 ശതമാനവും ആലപ്പുഴയിൽ 17 ശതമാനവും കൊല്ലത്ത് 15 ശതമാനവും കോഴിക്കോട് 12 ശതമാനവും എറണാകുളത്ത് ആറ് ശതമാനവും മഴക്കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്.