കാസര്‍ഗോഡ്: ദേളിയിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകനായ ആദൂർ സിഎ നഗറിലെ എ. ഉസ്മാനെ (25) മുംബൈയിൽ അറസ്റ്റ് ചെയ്തു.
ബേക്കൽ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവർ പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി വരവേ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണസംഘം വലയിലാക്കുകയായിരുന്നു.
ഈ മാസം എട്ടിനാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം നടന്നതിന്റെ തലേദിവസം അധ്യാപകനായ ഉസ്മാൻ തന്റെ മകളുമായി ഇൻസ്റ്റഗ്രാമിൽ പതിവായി ചാറ്റിംഗ് നടത്തുന്നുവെന്ന പരാതിയുമായി പിതാവ് സയ്യിദ് മൻസൂർ സ്കൂളിൽച്ചെന്ന് പരാതിപ്പെട്ടിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപ്പറമ്പ പോലീസ് അന്വേഷണമധ്യേ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നല്‍കിയിരുന്നു.