തമിഴിൽ തല എന്നാൽ തലവൻ എന്നർഥം. അതുകൊണ്ടുതന്നെ തല എന്നാണ് എം.എസ്. ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളും ആരാധകരും വിമർശകരുമെല്ലാം വിളിക്കുന്നത്. തലവൻ എന്നതിലുപരി, തലയിൽ എന്തെങ്കിലും ഉള്ളവൻ എന്നും ധോണിയുടെ കാര്യത്തിൽ മാറ്റിയെഴുതിയാൽ അതു ന്യായവും യുക്തവുംതന്നെ.
ക്രിക്കറ്റ് മൈതാനത്തെ ജീനിയസാണ് താനെന്ന് ഒരിക്കൽക്കൂടി ധോണി തെളിയിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു തലയുടെ തല ക്രിക്കറ്റ് ലോകം കണ്ടത്. മത്സരശേഷം ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ് അക്കാര്യം അടിവരയിടുകയും ചെയ്തു, ഐപിഎല്ലിൽ ഒരു ജീനിയസ് ഉണ്ടെങ്കിൽ അത് എം.എസ്. ധോണിയാണ്- സെവാഗിന്റെ വാക്കുകൾ.
ഐപിഎൽ 2021 സീസണിന്റെ രണ്ടാം ഭാഗം യുഎഇയിൽ പുനരാരംഭിച്ചത് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിലൂടെയായിരുന്നു. 11 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന നിലയിൽനിന്ന് കരകയറി ആറ് വിക്കറ്റ് നഷ്ടത്തിൽ 156ൽ എത്തിയ ചെന്നൈക്ക് 20 റണ്‍സ് ജയം സമ്മാനിച്ചത് ധോണിയുടെ കൂർമബുദ്ധിതന്നെ.
ഓരോ കളിയിലും എന്തു ചെയ്യണമെന്നു മുൻകൂട്ടി തീരുമാനിച്ച് അതു നടപ്പാക്കുന്ന ആളല്ല ധോണി. ഒരു പ്ലാനും ഇല്ലാതെയാകും ധോണി മൈതാനത്തെത്തുക. മത്സരം പുരോഗമിക്കുന്നതനുസരിച്ചാണു ധോണിയുടെ തന്ത്രങ്ങൾ പുറത്തുവരുക. എതിർ ബാറ്റ്സ്മാന്മാരെ നിരീക്ഷിച്ചശേഷമാണ് ധോണി ബൗളിംഗ്, ഫീൽഡിംഗ് ചെയ്ഞ്ചുകൾ നടത്തുന്നതും.
ഡ്വെയ്ൻ ബ്രാവോ ബൗളിംഗിനെത്തിയപ്പോൾ ധോണി നടത്തിയ ഫീൽഡിംഗ് അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്. സർക്കിളിനുള്ളിൽ നാലു ഫീൽഡേഴ്സിനെയാണു ധോണി അണിനിരത്തിയത്. സിംഗിൾ തടയുന്നതോടൊപ്പം വിക്കറ്റിലും കണ്ണുവച്ചായിരുന്നു ആ നീക്കം. ഇഷാൻ കിഷന്റെ വിക്കറ്റ് ബ്രാവോ വീഴ്ത്തിയതു ധോണിയുടെ ഈ തന്ത്രമായിരുന്നു.
ജയം ലക്ഷ്യമാക്കി മുന്നേറിയ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയ, മത്സരഗതി മാറ്റിമറിച്ച വിക്കറ്റായിരുന്നു കിറോണ്‍ പൊള്ളാർഡിന്റേത്. രോഹിത് ശർമയ്ക്കു പകരം ക്യാപ്റ്റൻ സ്ഥാനത്തെത്തിയ പൊള്ളാർഡിനെ വീഴ്ത്താൻ ധോണി ഉപയോഗിച്ചത് പേസർ ആക്രമണ തന്ത്രം.
ബ്രാവോയും ഷാർദുൾ ഠാക്കൂറും എറിഞ്ഞ ഓവറുകൾക്കുശേഷം ജോഷ് ഹെയ്സൽവുഡിനെ ധോണി തിരികെ വിളിച്ചു. ഹെയ്സൽവുഡിനു മുന്നിൽ പൊള്ളാർഡ് വീണു. കളി പൂർണമായി ചെന്നൈയുടെ കൈയിലും.
58 പന്തിൽ നാല് ഫോറും ഒന്‍പത് സിക്സും അടക്കം 88 റണ്‍സ് നേടിയ ചെന്നൈ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണ് മാൻ ഓഫ് ദ മാച്ച് ആയത്. സ്കോർ: സിഎസ്കെ 156/6. എംഐ 136/8.