മൂന്നു വർഷം മുന്പ് അച്ഛന്റെ വേർപാടുണ്ടാക്കിയ വിടവ് ചില്ലറയായിരുന്നില്ല. അമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാകേണ്ടി വന്നപ്പോൾ കൃഷിയെ മുറുകെ പിടിച്ചു.
പഠനം കൈവിടാതെ കൃഷിയെ കൂടെകൂട്ടി എന്നുപറയുന്നതാവും കൂടുതൽ ശരി. വല്യച്ചൻ വിദ്യാധരനാണ് കൃഷിയിലെ പ്രചോദനം. ബികോം മൂന്നാംവർഷ വിദ്യാർഥിയാണു കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേപ്പറന്പിൽ സ്വാതി.
കൃഷിയുടെ രീതിശാസ്ത്രം നന്നായറിയുന്ന യുവാവ്. സ്വന്തമായുള്ള 80 സെന്റിൽ പെട്ടന്ന് ആദായം ലഭിക്കുന്ന കുള്ളൻതെങ്ങിനമായ മലേഷ്യൻ പച്ചയുടെ 30 തൈകൾ കൃത്യമായ ഇടയകലം നൽകി നട്ടു. എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി നൽകി നട്ട തെങ്ങുകൾക്ക് ആദ്യ ആറുമാസം വേറെ വളങ്ങളൊന്നും നൽകിയില്ല. അതിനുശേഷം ഒരു ചാക്ക് കോഴിവളം പത്തു തൈകൾക്ക് എന്ന ക്രമത്തിൽ നൽകി. രണ്ടാം വർഷം ഒരുചാക്ക് കോഴിവളം മൂന്നു തൈകൾക്കായി വീതിച്ചു.
മൂന്നാം വർഷം ഒരു തെങ്ങിന് ഒരുചാക്ക് എന്ന അളവിലും നൽകിയപ്പോൾ തൈകൾ തെങ്ങുകളായുള്ള മാറ്റം ആരോഗ്യത്തോടെയായി. കുള്ളൻ തെങ്ങുകൾക്കൊപ്പം 10 നാടൻ തെങ്ങുകളെയും സംരക്ഷിക്കുന്നുണ്ട് ഈ യുവ കർഷകൻ.
തെങ്ങുകൾക്കെല്ലാം വർഷത്തിൽ രണ്ടു തവണ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും നൽകുന്നു. ഒന്നരവർഷം കൊണ്ടുതന്നെ തെങ്ങുകൾ കുലച്ചുതുടങ്ങി. നല്ല കടവണ്ണത്തോടെ മണ്ണിൽമുട്ടി കുലച്ചിരിക്കുന്ന തെങ്ങുകൾ നയനാനന്ദകരമായ കാഴ്ചയാണൊരുക്കുന്നത്.
ഇടവിളയായി പച്ചക്കറികളും
തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി വെണ്ടയും തക്കാളിയുമെല്ലാം കൃഷി ചെയ്യുന്നുണ്ടു സ്വാതി. ഇതു ദേശീയപാതക്കരികിലെ സുജിത്തും ഭാഗ്യരാജും ചേർന്നു നടത്തുന്ന കർഷകരുടെ പച്ചക്കറി വിപണനകേന്ദ്രത്തിലെത്തിച്ചാണു വിൽപന. കോഴിവളം തന്നെയാണ് പച്ചക്കറി കൃഷിയിലേയും പ്രധാന വളക്കൂട്ട്.
ചെല്ലിക്ക് പാറ്റാഗുളിക
തെങ്ങിലെ വില്ലനായ ചെല്ലിയെ അകറ്റാൻ പാറ്റാഗുളിക കുന്പുതൊട്ട് താഴേക്കുള്ള മൂന്നു കവിളുകൾ ഇട്ടു. ഒരു തെങ്ങിനു മൂന്നു പാറ്റാഗുളിക. രണ്ടുമാസത്തിലൊരിക്കൽ രാസ കീടനാശിനി ഒരുലിറ്റർ വെള്ളത്തിൽ പത്തു മില്ലിലിറ്റർ എന്ന തോതിൽ കലക്കി വളരെ കുറച്ചു മാത്രം പന്പുകൊണ്ട് കവിളുകളിൽ ഒഴിച്ചുകൊടുക്കും.
കറിക്കായി കുളത്തിലെ മത്സ്യം
ദൈനംദിന ചെലവുകളിൽ ഏറ്റവും കൂടുതൽ കറിക്കായുള്ള മത്സ്യത്തിനാണാകുന്നത്. കുടുംബ ബജറ്റ് പിടിച്ചു നിർത്താൻ വീട്ടുമുറ്റത്തെ കുളത്തിൽ അനാബസ്, തിലാപ്പിയ മത്സ്യങ്ങളെയിട്ടു സ്വാതി. നാലുകൊല്ലമായി തുടരുന്നു ഈ മത്സ്യകൃഷി.
വീട്ടാവശ്യത്തിനുള്ള നാലുമത്സ്യങ്ങളെ ദിവസവും കുളത്തിൽ നിന്നു ചൂണ്ടയിട്ടു പിടിക്കും. കൃഷിയുടെ കൈപിടിച്ച് ജീവിനൗക തുഴയുകയാണ് സ്വാതി. മണ്ണിന്റെ മനസറിഞ്ഞ് കുള്ളൻ തെങ്ങുകൾക്കൊപ്പം സ്വാതിയുമുണ്ടാകുമിവിടെ, ഈ എണ്പതു സെന്റിൽ.
ഫോണ്: സ്വാതി- 94461 41338.
ടോം ജോർജ്