ലഹരിലോകത്തെ എല്ലാ വഴികളും നമ്മുടെ കൊച്ചു കേരളത്തിലേക്കു തിരിയുകയാണ്. ലഹരി സംഘങ്ങൾക്കു തഴച്ചുവളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണായി നമ്മുടെ നാടും മാറിക്കഴിഞ്ഞു.
നാർകോട്ടിക്സ് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെ തോത് ഓരോ വർഷവും വർധിക്കുന്നു.
കേരളത്തിലേക്കെത്തുന്ന മാരക ലഹരിയുടെ ചെറിയൊരംശം മാത്രമാണ് അധികാരികൾക്കു പിടികൂടാൻ കഴിയുന്നത്.
ബാക്കിയുള്ളവ പല വഴിയിലൂടെ എത്തി നമ്മുടെ പുതു തലമുറയെ ഇല്ലാതാക്കുന്നു.
അഫ്ഗാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് മാരക മയക്കുമരുന്നുകൾ എത്തുന്നത്.
രാസ ലഹരികള് നേപ്പാളും ഗോവയും കടന്നാണ് എത്തുന്നതെങ്കിൽ ആംപ്യൂളുകൾ എത്തുന്നതു ന്യൂഡൽഹി, ഹരിയാന, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ്. എല്എസ്ഡി, കൊക്കെയ്ന് എന്നിവ പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും കടത്തുന്നു.
മലയാളിയെ മയക്കിയ മദ്യം
മലയാളിയുടെ ഇഷ്ട ലഹരിയായിരുന്നു മദ്യം. തുള്ളി തുള്ളി അകത്ത് ചെല്ലുമ്പോൾ മനസിൽ ആനന്ദം കണ്ടെത്തിയിരുന്നവരിൽ പ്രായഭേദമില്ലായിരുന്നു.
പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച് ക്ഷീണമകറ്റിയിരുന്നത് പഴയ കാലം. പിന്നീട് ചാരായത്തിൽനിന്നും മുന്തിയയിനം വിദേശമദ്യങ്ങളിലായി അഭയം.
ആവശ്യക്കാരേറിയതോടെ ഇതിനെല്ലാം വ്യാജനും സുലഭമായി. പാവങ്ങളുടെ പാനീയമായ കള്ളിലും ചാരായത്തിലും വ്യാജ സ്പിരിറ്റ് കലർത്തി കച്ചവടം കൊഴുപ്പിച്ച് മാഫിയ തഴച്ചുവളർന്നു.
അഞ്ച് നിറം കാട്ടുന്ന കഞ്ചാവ്
കള്ളിന്റെ ഖ്യാതി മറികടന്നെത്തിയതാണ് കഞ്ചാവ്. വലിച്ചാൽ അഞ്ച് നിറം കാട്ടുന്ന നല്ല നീല ചടയൻ കഞ്ചാവ് കിഴക്കൻ മലമടക്കുകളിലെ ഉൾക്കാടുകളിൽ പൂത്തുലഞ്ഞു. ചെറു പൊതികളിലായി അത് കാടു കടന്നു നാട്ടിൻ പുറങ്ങളിലെ പെട്ടിക്കടകളിൽ വരെ വില്പനക്കെത്തി.
സ്കൂൾ കുട്ടികളടക്കം ഇതിനടിമകളായി. വില്പനക്കാരും വലിക്കാരും പെരുകിയതോടെ ആന്ധ്ര, ഒറീസ, തമിഴ്നാനാട്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തുന്ന മറുനാടൻ കഞ്ചാവിന്റെ ചന്തയായി കേരളം മാറി.
ഹാഷിഷ്, ചരസ്, ഭാംഗ്, മരിജുവാന തുടങ്ങിയവയും ലഹരിക്കമ്പോളത്തിലെ കഞ്ചാവിന്റെ വില കൂടിയ വകഭേദങ്ങളുമായെത്തി.
ബീഡിയിലും സിഗരറ്റിലും തേച്ചുപിടിപ്പിക്കാനും ഭക്ഷണത്തിലും പാനീയത്തിലും ചേർത്ത് കഴിക്കാവുന്ന തരത്തിലും ഈ കഞ്ചാവ് മിശ്രിതത്തെ ലഹരി മാഫിയ പാകപ്പെടുത്തിയെടുക്കുകയും ചെയ്തു.
കൊച്ചു പ്രായക്കാർക്കു ചെറു ലഹരികൾ
സിഗരറ്റ്, ബീഡി, നാടൻ മുറുക്ക് മുതൽ ഹാൻസ്, മധു, പാൻപരാഗ് തുടങ്ങിയവ കൊച്ചു പ്രായക്കാരുടെ ചെറു ലഹരിയായി മാറി. മയക്കം പോരായെന്നു തോന്നിയവർ പിന്നീട് കുറഞ്ഞ ചെലവിൽ കൂടുതൽ കിറുങ്ങാനായി മറ്റു ചില മാർഗങ്ങൾ തേടി.
പെയിന്റ്, ടിന്നർ, പെട്രോൾ, ഡീസൽ, നെയ്ൽ പോളീഷ്, പശ, എയ്റോസോളടക്കമുള്ളവ തുടർച്ചയായി ശ്വസിച്ചു ലഹരിയുടെ ഉന്മാദത്തിലാകുകയായിരുന്നു.
ഉറക്കഗുളികളുടെ വിഭാഗത്തിലെ ഡയസിപാം, നൈട്രാസിപാം, ആൽപ്രസോളം, ലോറാസിപാം, ക്ലോർഡയാസിപ്പോക്സൈഡ് തുടങ്ങിയവയും ചിലർക്ക് ലഹരിയുടെ കൂട്ടാളിയാണ്.
മരണം മണക്കുന്ന മയക്കുമരുന്നുകൾ
കള്ളിന്റെയും കഞ്ചാവിന്റെയും കാലം കടന്നു പോയി. ഇന്ന് അതി മാരകമായ മയക്കുമരുന്നുകളുടെ ഭീതിപ്പെടുത്തുന്ന കലികാലമാണ്.
കൊക്കെയ്ൻ, ആംഫിറ്റമിൻ, കഫീൻ, എക്ടസി, കീറ്റമിൻ, ബ്രൗൺഷുഗർ, ഹെറോയിൻ, മോർഫിൻ, പെത്തഡിൻ, ബ്യൂപ്രിനോർഫിൻ, പെന്റസോഡിൻ എന്നീ പേരുകളിലറിയപ്പെടുന്ന ലഹരിമരുന്നുകൾ യുവതലമുറയുടെ സകല വർണങ്ങളും തല്ലിക്കെടുത്തിക്കൊണ്ടിരിക്കുന്നു.
സ്കൂൾ വിദ്യാർഥികൾക്കിടയിൽ പോലും ഏറെ പ്രിയമുള്ള എൽഎസ്ഡിയും എംഡിഎംഎയും ഇന്ന് ചൂടപ്പം പോലെയാണ് ലഹരി കമ്പോളത്തിൽ വിറ്റഴിക്കുന്നത്.
ലഹരിയിലും വ്യാജൻ
കള്ളിൽ കഞ്ചാവ് കലർത്തിയും ചാരായത്തിൽ വ്യാജ സ്പിരിറ്റ് ചേർത്തും വിപണി പിടിച്ചടക്കിയ അബ്ക്കാരി ലോബി തടിച്ചുകൊഴുക്കുകയാണ്.
മറ്റു ലഹരിമരുന്നുകളിൽ കലർത്തുന്ന മാഫിയകളുടെ മായചേരുവ കേട്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും. ഗ്ലാസ് പൊടി, കൊതുകുതിരി ചാരം, ബാറ്ററി, ഉറക്കഗുളിക പൊടിച്ചത്, പാത്രം കഴുകാനും നിലം തുടക്കാനുമുപയോഗിക്കുന്ന രാസവസ്തുക്കൾ,വിവിധ വിഷപദാർഥങ്ങൾ എന്നിവ കൂടുതൽ ലഹരിക്കായി ചേർത്താണ് കച്ചവടം കൊഴുപ്പിക്കുന്നത്.
ആദ്യം ആസ്വാദനം, പിന്നെ വിപണനം
രുചിയറിയാൻ പുകച്ചും കുടിച്ചും കുത്തിവച്ചും തുടങ്ങുന്ന ശീലം ഒടുവിൽ ഒഴിച്ചുകൂടാനാവാത്ത ലഹരിയുടെ അടിമത്വത്തിലാണ് അവസാനിക്കുന്നത്.
ആസ്വദിച്ച് അടിമയായി കഴിഞ്ഞാൽ പിന്നെ ലഹരിയുടെ വാഹകരും വിപണനക്കാരുമായി അറിയാതെ അവർ മാറിയിരിക്കും.
ഈ അവസ്ഥയെ ഫലപ്രദമായി ഉപയോഗിക്കുന്നതോടെ ലഹരി മാഫിയയുടെ ചങ്ങലയിലെ കണ്ണികളുടെ എണ്ണം ഏറുകയായി.ഒപ്പം, വിഷപ്പുക ശ്വസിക്കാനും വിഷ രസം മോന്താനുമുള്ള ഇരകളുടെ നിരയും നീളുന്നു.
തയാറാക്കിയത്: റിയാസ് കുട്ടമശേരി