മോഡലിംഗ് രംഗത്തുനിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ താരമാണ് കൃതി സനൻ.
പരസ്യചിത്രങ്ങളിൽ മോഡലായി തുടങ്ങി ഒടുവിൽ ബോളിവുഡിൽ തിളങ്ങുന്ന നടിയായി മാറിയതിനു പിന്നിലെ കണ്ണീരിന്റെ കഥ താരം തന്നെ വെളിപ്പെടുത്തുന്നു.
തന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്തെ സംഭവമാണ് കൃതി വിവരിക്കുന്നത്. എവിടെയൊക്കെയോ ചുവടുകള്‍ തെറ്റിച്ചിരുന്നു.
അതോടെ കൊറിയോഗ്രാഫര്‍ തന്നോട് വളരെ രൂക്ഷമായാണ് പെരുമാറിയത്. ഇരുപതോളം മോഡലുകളുടെ മുന്നില്‍ നിന്ന് അവര്‍ അലറിവിളിക്കുകയായിരുന്നുവെന്നും ഒടുവിൽ താൻ പൊട്ടിക്കരഞ്ഞുപോയെന്നും കൃതി പറയുന്നു.
അക്കാലത്ത് തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ താന്‍ കരഞ്ഞുതുടങ്ങുമായിരുന്നുവെന്നും അന്ന് തിരിച്ചു വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറിയിരുന്ന് കരച്ചിലടക്കാന്‍ പാടുപെട്ടത് ഇന്നും ഓർമയിലുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘വീട്ടിലെത്തി അമ്മയുടെ അടുത്തും ഞാന്‍ കരഞ്ഞു. എന്നാല്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ഈ മേഖല നിനക്കു പറ്റുന്നതാണെന്ന് തോന്നുന്നില്ല.
കുറച്ചുകൂടി മനക്കരുത്ത് വേണം. ഇപ്പോഴുള്ള നിന്നേക്കാള്‍ ആത്മവിശ്വാസവും മനക്കരുത്തും ഉള്ളയാള്‍ക്കേ അതിന് പറ്റൂ.
അന്നാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാന്‍ തിരിച്ചറിഞ്ഞത്.’ – കൃതി സനൻ പറയുന്നു.