ചെട്ടിയാംപറമ്പ് (കണ്ണൂർ): ദേഹമാസകലം പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചരിഞ്ഞു. ഇന്നലെ ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിച്ചു വീണപോയ കാട്ടാന രാത്രിയോടയൊണ് ചരിഞ്ഞത്.
ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ഇന്നലെ രാവിലെ ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിൽക്കുന്നതായി കണ്ടത്.
ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ റെജിയാണ് ആനയെ ആദ്യം കണ്ടത്.
സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്കു മടങ്ങാറാണ് പതിവ്. എന്നാൽ പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്.
ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിനു പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലായിരുന്നു.
വാൽ പകുതിയോളം അഴുകിയും വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലുമായിരുന്നു . രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. രാവിലെ കണ്ടെത്തിയ കാട്ടാന ഉച്ചയ്ക്ക് ഒന്നോടെ പതുക്കെ കാട്ടിലേക്കു പിൻവാങ്ങി.
നിരവധി ആളുകൾ കാണനെത്തിയിട്ടും ശാന്തമായി ആന പുഴയിൽനിന്നു. വേദനകൊണ്ട് ആന പുളഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ വീണ്ടും വൈകുന്നേരം ആറോടെ ആന വനത്തിൽനിന്നു തിരിച്ചെത്തി.
ഏറെനേരം പുഴയുടെതീരത്ത് നിലയുറപ്പിച്ച ശേഷം പുഴയിലിറങ്ങി. മൃതപ്രാണനായിരുന്ന ആന ഏഴരയോടെ പുഴയിൽ വീണു. ഏതാനും മണിക്കൂറുകൾക്കകം ചരിഞ്ഞു.
വൈകുന്നേരം നാലോടെ എത്തുമെന്നറിയിച്ച വനംവകുപ്പ് മെഡിക്കൽ സംഘം ആന വീണിട്ടും എത്താത്തതിൽ നാട്ടുകാർ ക്ഷുഭിതരായി. ഉച്ചയ്ക്കു തന്നെ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചിരുന്നു.