എരുമേലി: രാത്രിയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ഡോക്ടർ. ഇന്നലെ പുലർച്ചെയോടെ എരുമേലിക്കടുത്ത് നെടുങ്കാവുവയലിലാണ് സംഭവം.
തടത്തിൽ സുഭാഷിന്റെ ഭാര്യ രേണുകയ്ക്ക് (30) ആണ് അർധ രാത്രിയിൽ പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത വിധത്തിൽ രക്തം വാർന്ന് കടുത്ത വേദനയിൽ ബുദ്ധിമുട്ടിയിലാവുകയും ചെയ്തത്.
ആശുപത്രിയിലെത്തിക്കാനായി ബന്ധുക്കൾ സൗകര്യങ്ങൾ ഒരുക്കിയപ്പോഴേക്കും യുവതി പ്രസവത്തോട് അടുത്തു.
തുടർന്ന് നാട്ടുകാരനും കെഎസ്ഇബി ജീവനക്കാരനുമായ സജീവ് വെച്ചൂച്ചിറയിലെ വ്യാപാരി വ്യവസായി ഭാരവാഹി ഷൈനു ചാക്കോ മുഖേനെ വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലെ ഡോ. മനു എം. വർഗീസിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞെത്തിയ ഡോക്ടർ അത്യാസന്ന നിലയിലായിരുന്ന യുവതിയിൽ നിന്നു കുഞ്ഞിനെ വേർപെടുത്തിയ ശേഷം ഇരുവരെയും സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവതിയും നവജാത ശിശുവായ പെൺകുഞ്ഞും സുഖം പ്രാപിച്ചു. ഇരുവരെയും രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വിവരമറിഞ്ഞ് നിരവധി പേരാണ് ഡോക്ടർ മനുവിന് അഭിനന്ദനങ്ങൾ അറിയിച്ചത്.