സ്വന്തം ലേഖിക
കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വില ഈടാക്കുന്ന കാലത്ത് വെറും 10 രൂപയ്ക്ക് ഊണ് ലഭിക്കും, അതും മെട്രോ നഗരമായ കൊച്ചിയില്‍.
തട്ടിക്കൂട്ട് ഊണാണെന്നു കരുതിയാല്‍ തെറ്റി. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടലിന്റെ താഴത്തെ നിലയിലാണ് കേന്ദ്രീകൃത അടുക്കള ഒരുക്കുന്നത്.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി കോര്‍പറേഷനാണ് കുടുംബശ്രീയുമായി ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ ഊണൊരുക്കുന്നത്.
ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതി ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപയുടേതാണ് പദ്ധതി. പ്രശസ്ത കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും ഇതിനായി വിനിയോഗിക്കും.
ഉച്ചയൂണ് പദ്ധതിക്ക് പേരു നിര്‍ദേശിക്കുന്നതിനായി കോര്പറേഷന് ഓഫീസില്‍ ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
ഇതില്‍ പൊതുജനങ്ങള്‍ക്ക് പേരുകള്‍ നിക്ഷേപിക്കാമെന്ന് കോര്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബലാല്‍ പറഞ്ഞു.
പരിശീലനം ഇന്നു മുതല്‍
പദ്ധതിയുടെ നടത്തിപ്പിനായി 28 സ്ത്രീകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യത്തെ 14 പേര് തുടക്കം മുതല്‍ പ്രവര്‍ത്തിക്കും.
ബാക്കി 14 പേര് റിസര്വേഷനിലാണുള്ളത്. ഇവര്‍ക്കുള്ള പരിശീലനം ഇന്നു രാവിലെ 10ന് ആരംഭിക്കും. നഗരസഭയുടെ കീഴിലുള്ള 10 ജനകീയ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന സ്പെഷല്‍ വിഭവങ്ങള്‍ ഇവിടെയും ഉണ്ടാകും.
പക്ഷെ സ്പെഷലിന് അഡീഷണല്‍ തുക നല്‍കണം. സ്പെഷല്‍ വിഭവങ്ങളുടെ മെനുവും വിലയും വരും ദിവസങ്ങളിലേ നിശ്ചയിക്കൂ.
ഒരേ സമയം 5,000 പേര്‍ക്ക് കഴിക്കാം
സ്മാര്‍ട്ട് കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരു സമയം 5,000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാനാകും. കോവിഡ് പശ്ചാത്തലത്തില്‍ തുടക്കത്തില്‍ ഇരുന്നു കഴിക്കാന്‍ ആവില്ല. പാഴ്സല്‍ വിതരണത്തിനായി ലിബ്ര ഹോട്ടലിന്റെ മുന്‍ ഭാഗത്ത് പ്രത്യേക സംവിധാനം ഒരുക്കും.
പിന്നാലെ പ്രഭാത ഭക്ഷണവും
രണ്ടാം ലോക്ഡൗണ്‍കാലത്ത് നഗരത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും കോര്പറേഷന് സൗജന്യഭക്ഷണം എത്തിച്ചിരുന്നു.
ഇതിലൂടെ ഒന്നര ലക്ഷത്തിലധികം പേരാണ് ഭക്ഷണം കഴിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സ്മാര്‍ട്ട് കിച്ചണ്‍ ഒരുക്കുന്നത്.
കുടുംബശ്രീ എറണാകുളം ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സിഡിഎസുകളാണ് അടുക്കളയുടെ നടത്തിപ്പുകാര്‍. കിയോസ്കുകള്‍ വഴി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്. ഉച്ചയൂണിനു പിന്നാലെ പ്രഭാത ഭക്ഷണവും അത്താഴവും നല്‍കാനും പദ്ധതിയുണ്ട്.