സ്വന്തം ലേഖകന്‍
കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരേ പ്രതിപക്ഷം നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ, യുഡിഎഫ് ക്യാമ്പില്‍ നേരിയ ആശ്വാസം.
അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്കിയ വിപ്പ് സ്വീകരിക്കാന്‍ മടിച്ചുനിന്ന നാല് എ വിഭാഗം കൗണ്‍സിലര്‍മാരും കെ. ബാബു എംഎല്‍എയുടെ ഇടപെടലിനെതുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിപ്പ് കൈപ്പറ്റി.
ചെയര്‍പേഴ്സണെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന ഇവരുമായി ചര്‍ച്ച നടത്തിയ ബാബു, ഇന്നലെതന്നെ വിപ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും രാത്രി ഡിസിസി ഓഫീസിലെത്തിയ ഇവര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്ന് വിപ്പ് ഏറ്റുവാങ്ങുകയുമായിരുന്നു.
അതേസമയം യുഡിഎഫിനൊപ്പമുള്ള അഞ്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരും നാല് കോണ്‍ഗ്രസ് വിമതരും അവിശ്വാസപ്രമേയത്തില്‍ എന്തു നിലപാടാവും സ്വീകരിക്കുകയെന്നത് നിര്‍ണായകമാണ്.
ഇന്നലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലീഗ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ഫോണെടുക്കാന്‍ കൂട്ടാക്കാത്തത് യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി. ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് ആ പാര്‍ട്ടി ഇന്ന് വിപ്പ് നല്‍കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അവര്‍ യുഡിഎഫിനൊപ്പം അടിയുറച്ചുനില്‍ക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
അതിനിടെ വിമതകോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കൂടെനിര്‍ത്തി യുഡിഎഫിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതിനായി വമ്പന്‍ ഓഫറുകളാണ് ഇവര്‍ക്കു മുന്നില്‍ വച്ചിട്ടുള്ളത്. കൗണ്‍സിലില്‍ ആകെ അഞ്ചു കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാരാണുള്ളത്.
നിലവില്‍ ഇവരില്‍ നാലുപേര്‍ യുഡിഎഫിനൊപ്പവും ഒരാള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. യുഡിഎഫിലുള്ള നാലു വിമത കൗണ്‍സിലര്‍മാരുടെയും പിന്തുണ ഉറപ്പാക്കാനായാല്‍ എല്‍ഡിഎഫിന് ആവിശ്വാസപ്രമേയം പാസാക്കാന്‍ കഴിയും.
അതേസമയം കോണ്‍ഗ്രസ് ലീഗ് കൗണ്‍സിലര്‍മാരും അവര്‍ക്കൊപ്പമുള്ള നാലു വിമത കൗണ്‍സിലര്‍മാരും യുഡിഎഫ് തീരുമാനപ്രകാരം അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനിന്നാല്‍ ക്വാറം തികയാതെ വരികയും അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കാതെ വരികയും ചെയ്യും.
43 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 16 ഉം മുസ്ലീം ലീഗിന് അഞ്ചും കൗണ്‍സിലര്‍മാരാണുള്ളത്. ഇവക്കൊപ്പം നാലു വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് 25 പേരുടെ പിന്തുണയാണ് നിലവില്‍ ഭരണപക്ഷത്തിനുള്ളത്.
വിവാദങ്ങള്‍ തുടര്‍ക്കഥയായ തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിനെ എങ്ങനെയും താഴെയിറക്കാനുള്ള അവസാനവട്ട തന്ത്രങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമ്പോള്‍, കഴിഞ്ഞയാഴ്ച പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായതിനു പന്നാലെ, ജില്ലയില്‍ ഒരു പഞ്ചായത്തുകൂടി നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. ഭരണം പോയാല്‍ പുതിയ ഡിസിസി നേതൃത്വത്തിനും അത് തിരിച്ചടിയാകും.
സ്വതന്ത്രന്മാര്ക്ക് വമ്പന്‍ ഓഫറുകള്‍
കാക്കനാട്: അവിശ്വാസ പ്രമേയത്തിന് ഒരുദിനം ബാക്കി നില്‍ക്കെ തൃക്കാക്കര നഗരസഭയിലെ സ്വതന്ത്രന്മാര്ക്ക് വമ്പന്‍ ഓഫറുകളുമായി പ്രതിപക്ഷം. യുഡിഎഫ് റിബലുകളായി ജയിച്ച നാല് സ്വതന്ത്രന്മാരെ ഒപ്പം നിര്‍ത്തി ഭരണം പിടിച്ചെടുക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.
നാലുപേരും ഇടതിനൊപ്പം നിന്നാല്‍ മാത്രമേ ഭരണം പിടിച്ചെടുക്കാനാകൂ. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വമ്പന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ഉള്‍പ്പെടെയുള്ളവയാണ് ഇടത് ക്യാമ്പ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍.
ഒപ്പം ഉറ്റവര്‍ക്ക് ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 17 അംഗളുള്ള എല്‍ഡിഎഫിന് യുഡിഎഫ് റിബലായി വിജയിച്ച ഒരംഗത്തിന്റെ പിന്തുണ നിലവിലുണ്ട്. ഭരണത്തില്‍ തുടക്കം മുതല്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച നാല് സ്വതന്ത്രന്മാര് കൂടി മറുകണ്ടം ചാടിയാല്‍ മാത്രമേ കേവല ഭൂരിപക്ഷം നേടാന്‍ കഴിയൂ.