ജോണ്സണ് വേങ്ങത്തടം
കോട്ടയം: സംസ്ഥാന സർക്കാർ നിയമം കൊണ്ടു നിരോധിച്ച ഓണ്‍ലൈൻ ലോട്ടറി കേരളത്തിൽ സജീവമാകുന്നു.
കേരളത്തിൽ പേപ്പർ ലോട്ടറി മാത്രം വില്പന നടത്താൻ പാടുള്ളൂവെന്ന നിയമമുള്ളപ്പോഴാണ് ഓണ്‍ലൈനിലൂടെ ലോട്ടറി വില്പന സജീവമാക്കിരിക്കുന്നത്.
മുൻകാലങ്ങളിൽ അന്യസംസ്ഥാനലോട്ടറികൾ സജീവമായി നടത്തിയിരുന്ന മാഫിയയാണ് കേരളത്തിന്റെ ലോട്ടറിയെ അട്ടിമറിക്കാൻ രംഗത്തുവന്നിരിക്കുന്നത്.
ഓണ്‍ലൈൻ ലോട്ടറി നിരോധിക്കുകയും അന്യസംസ്ഥാന ലോട്ടറികൾക്കു വിലക്കെർപ്പെടുത്തുകയും ചെയ്തപ്പോൾ ഇപ്പോൾ നിലവിലുള്ള സർക്കാരിന്റെ ലോട്ടറി നടത്തിപ്പിനെ തുരങ്കം വച്ചു തകർക്കാനാണ് ഇവരുടെ തീരുമാനം.
ഇവർ ലോട്ടറിയുടെ ഫോട്ടോ എടുത്തു ഓണ്‍ലൈൻവഴി വിദേശത്തുള്ളവർക്കു വിതരണം ചെയ്യുന്നു.
ഒരു ലോട്ടറി തന്നെ ഒന്നിലധികം പേർക്കു ലഭിക്കുന്പോൾ ഒരു ലോട്ടറിയിൽ ഇവർക്കു ലഭിക്കുന്നതു കമ്മീഷനിനത്തിൽ ഏഴു രൂപയോളമാണ്.
സാധാരണനിലയിൽ ചെറിയ തുകയാണ് അടിക്കുന്നതെങ്കിൽ ലോട്ടറി സംഘം തന്നെ ഈ തുക നൽകും. എന്നാൽ ഇപ്പോൾ ബംബർ അടിച്ചതോടൊണ് തട്ടിപ്പും മാഫിയ സംഘങ്ങളുടെ ഇടപെടലും പുറംലോകം അറിയാൻ ഇടയായത്.
തിരിച്ചടിയാകുന്നത്…
സംസ്ഥാനത്തു ഒരു കോടി ലോട്ടറിയാണ് ശരാശരി അടിച്ചിറക്കുന്നത്. എന്നാൽവെറും 2.5 ശതമാനം ലോട്ടറിക്കു മാത്രമാണ് സമ്മാനം ലഭിക്കുന്നുള്ളൂ.
ബാക്കിയുള്ളവയെല്ലാം സർക്കാരിന്റെ വരുമാനമാണ്. എന്നാൽ ഇതു വാങ്ങിച്ചു കൂട്ടുന്ന ഏതാനും വൻകിട ലോട്ടറി കന്പനികളാണ്.
മുൻകാലങ്ങളിൽ ഒരു ലോട്ടറി മൊത്തവിതരണക്കാർക്കു 48,000 ലോട്ടറി വരെയാണ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 96,000 ലോട്ടറിവരെ ലഭിക്കുമെന്ന സ്ഥിതിയുണ്ട്.
ഈ ലോട്ടറി നടത്തിപ്പുകാരിൽ ഒരുവിഭാഗമാണ് ഈ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. .ഇതോടെ സംസ്ഥാനത്തെ ചെറുകിട ലോട്ടറിക്കാർക്കു തിരിച്ചടിയായിരിക്കുകയാണ്.
രാജ്യത്ത് ആദ്യമായി പേപ്പർ ലോട്ടറി ആരംഭിച്ചതു കേരളമാണെങ്കിലും ഓണ്‍ലൈൻ ലോട്ടറി നടത്തി മാഫിയകൾക്കു വഴിതുറന്നു കൊടുത്ത സംസ്ഥാനം സിക്കീമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ചു ഓണ്‍ലൈനായി അന്യസംസ്ഥാനലോട്ടറി നടത്തുന്ന മാഫിയ തന്നെ കേരളത്തിലുണ്ടായിരുന്നു.
ഇവർ നിയമവിരുദ്ധ ലോട്ടറികൾ, എഴുത്ത് ലോട്ടറികൾ എന്നിവ നടത്തിയിരുന്നു. ഇവർക്കെതിരേ നിരവധി കേസുകൾ കേരളത്തിലുണ്ടായിരുന്നു. ഇതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
നേരത്തെ നിയമവിരുദ്ധ ലോട്ടറി കേസുകൾ പരാതികൾ എന്നിവയുടെ അന്വേഷണ പുരോഗതിനിരീക്ഷിക്കുന്നതിനും നടപടികൾ കൈ കൊള്ളുന്നതിനും വേണ്ടി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( ഇന്റലിജൻസ്)നെ മേധാവിയാക്കി സംസ്ഥാന തല മോണിറ്ററിംഗ് സെൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും നിലവിൽ പേപ്പറിൽ മാത്രമേയുള്ളൂ.