ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്.
സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം.
തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്.
അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്.
യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്.
അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തില്‍, വനിതകളെയും ന്യൂനപക്ഷങ്ങളെയും താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താത്തതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക് അംഗങ്ങള്‍.