തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചത് നൂറു മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇവരിൽ 72 പേർ തൊഴിൽപരമായ ആവശ്യത്തിനോ മറ്റോ വിദേശത്തു പോയതിനു ശേഷം അവിടെ നിന്ന് ഐഎസ് ആശയത്തിൽ ആകൃഷ്ടരായി പോയവരാണ്.
ഇവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്.
മറ്റുള്ള 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആ 28 പേരിൽ അഞ്ചു പേർ മാത്രമാണ് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്.
അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തുകയും ഐഎസിൽ ചേരുകയും ചെയ്തത്.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.