കറാച്ചി: സുരക്ഷാ ഭീതിയെത്തുടർന്ന് ന്യൂസിലൻഡ് പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയതിനു കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ഇന്ത്യയാണ്, സുരക്ഷാഭീഷണിയുണ്ടെന്ന് ന്യൂസിലൻഡിനെ ധരിപ്പിച്ചതെന്നാണു പാക്കിസ്ഥാന്റെ ആരോപണം.
പാക്കിസ്ഥാനെതിരേ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനത്തിന്റെ ടോസിന് ഏതാനം മിനിറ്റുകൾ മുന്‍പാണു ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പരന്പരയിൽനിന്നു പിൻവാങ്ങുന്നതായി അറിയിച്ചത്.
ന്യൂസിലൻഡിന്റെ പിന്മാറ്റത്തിനു പിന്നാലെ ഇംഗ്ലണ്ടും തങ്ങളുടെ പാക് പര്യടനം റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസമായിരുന്നു ഇംഗ്ലീഷ് പുരുഷ-വനിതാ ടീമുകൾ പാക് പര്യടനം നടത്തേണ്ടിയിരുന്നത്.
അതിനിടെ ന്യൂസിലൻഡ് ടീമിനു സുരക്ഷാ സംവിധാനം ഒരുക്കിയതിന്റെ കടുത്ത സാന്പത്തിക ബാധ്യത പാക് ക്രിക്കറ്റ് ബോർഡിന്റെ തലയിലായി. സുരക്ഷാ ഉദ്യോഗസ്ഥർക്കു ബിരിയാണി നൽകിയ വകയിൽ 27 ലക്ഷം രൂപയാണു പിസിബിക്കു ബിൽ ആയതെന്നാണു റിപ്പോർട്ട്.