ജോണ്സണ് വേങ്ങത്തടം
കോട്ടയം: ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്ററിൽ ചേരുന്പോൾ ബോർഡ്, കോർപ്പറേഷൻ പദവികൾ നൽകുന്നതിൽ മുന്നണിക്കുള്ളിൽ ഉഭയകക്ഷി ചർച്ചകൾ തീരുമാനിക്കും.തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും.
ബോർഡ്-കോർപ്പറേഷൻ പദവികൾ സംബന്ധിച്ച് ആദ്യഘട്ടമെന്ന നിലയിൽ സിപിഎം – സിപിഐ ഉഭയ കക്ഷി ചർച്ചയാണുണ്ടാവുക. ഇന്നു മുഖ്യമന്ത്രി, കോടിയേരി, കാനം എന്നിവർ ഒന്നിച്ചിരുന്നൊരു ചർച്ച നടത്തും. ഇതിനു ശേഷം മറ്റു ഘടക കക്ഷികളുമായും ചർച്ച നടക്കും.
നിലവിൽ ഓരോ കക്ഷിക്കുമുള്ള കോർപ്പറേഷൻ, ബോർഡ് അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും എണ്ണത്തിൽ കുറവു വരാൻ സാധ്യതയുണ്ട്. എ, ബി, സി ഗ്രേഡ് തിരിച്ചാണ് കോർപ്പറേഷൻ, ബോർഡ് വിഭജനം നടക്കുക. കേരള കോണ്ഗ്രസ് എമ്മിന് കൂടി ഇത്തവണ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്.
സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും.എന്നാൽ, നിലവിലുള്ള എണ്ണത്തിൽ കുറവ് വരുത്താൻ സിപിഐ തയ്യാറാകുമോയെന്നാണ് ആശങ്ക. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ കേരള കോണ്ഗ്രസ് എമ്മിനായിരിക്കും കൂടുതൽ കോർപ്പറേഷനും ബോർഡുകളും.
അതിനിടെ കൈയിലുള്ള ബോർഡും കോർപ്പറേഷനും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മുന്നണിയിലെ മറ്റു കക്ഷികൾ. നിയമസഭയിലെ പ്രാതിനിധ്യം അനുസരിച്ചാണ് വിഭജനം നടത്താനാണ് തീരുമാനം. ഇതു പ്രകാരം ചെറുകക്ഷികൾക്കു ലഭിക്കുന്ന കോർപ്പറേഷന്റെ അധ്യക്ഷത സ്ഥാനത്തിനു കുറവുണ്ടാകും.
ലോക് താന്ത്രിക് ജനതാദളിന് നിയമസഭയിൽ പ്രാതിനിധ്യമില്ല. ഈ സാഹചര്യത്തിൽ കുടുതൽ പരിഗണന നൽകണമെന്ന ആവശ്യം അവർക്കുണ്ട്. ഐഎൻഎല്ലിലെ തമ്മിലടി പറഞ്ഞ് സിപിഎം തടിയൂരാനും സാധ്യതയുണ്ട്. ഹജ്ജ് കമ്മിറ്റി പുനഃസംഘടനയിലും അവരെ പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് നേതാക്കൾ പ്രതിഷേധമറിയിച്ചിരുന്നു.
എൻസിപി കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. ജനാധിപത്യ കേരള കോണ്ഗ്രസും കൂടുതൽ സ്ഥാനമാനങ്ങൾക്കായി മുന്നിലുണ്ട്. കോണ്ഗ്രസ് വിട്ട് പാർട്ടിയിൽ ചേർന്നവർക്ക് ഉചിതമായ സ്ഥാനം നൽകുകയാണ് അവരുടെ ലക്ഷ്യം.
ജെഡിഎസും നിലവിലുള്ള ബോർഡും കോർപ്പറേഷനും വിട്ടു നൽകാൻ തയാറല്ല. എംഎൽഎ പ്രാതിനിധ്യമുണ്ടെങ്കിലും മന്ത്രി സ്ഥാനം ഇല്ലാത്ത പാർട്ടികളെ പരിഗണിച്ചാൽ അവർക്ക് ഓരോ ചെയർമാൻ സ്ഥാനം ലഭിക്കും.
കോണ്ഗ്രസ് വിട്ടുവന്നവരെ കൂടാതെ എൽഡിഎഫ് ലൈനിൽ സഞ്ചരിക്കുന്ന പ്രമുഖ നേതാക്കൾക്കും കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം നൽകാനുള്ള സാധ്യത കൂടുതലാണ്.