കൊച്ചി: മാനഭംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി.
മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരയെ താന്‍ വിവാഹം കഴിച്ചതിനാല്‍ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് വി. ഷെര്‍സി ഇക്കാര്യം പറഞ്ഞത്.
പ്രതികള്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
2017 മാര്‍ച്ചിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയും 21കാരനുമായ പ്രതി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരന്റെ വാടക വീട്ടിലെത്തിച്ചു പീഡിപ്പിച്ചത്.
എറിയാട് സ്വദേശിയായ കൂട്ടുകാരന് കേസില്‍ രണ്ടാം പ്രതിയാണ്. പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പോലീസ് തൃശൂര്‍ അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ടും നല്കി.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി 2020 ഡിസംബറില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു.