കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താമെന്ന ഗോകുലം കേരള എഫ്സിയുടെ മോഹം സഫലമായില്ല. ക്വാർട്ടറിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനോട് 1-0ന് ഗോകുലം പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു ഗോകുലം കീഴടങ്ങിയത്.
44-ാം മിനിറ്റിൽ ട്രിനിഡാഡ് ആൻഡ് ടുബാഗൊ താരം മാർക്കസ് ജോസഫ് നേടിയ ഗോളായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും മുഹമ്മദൻസ് വഴങ്ങിയില്ല.സെമിയിൽ ബംഗളൂരു യുണൈറ്റഡാണു മുഹമ്മദൻ സ്പോർട്ടിംഗിന്റെ എതിരാളി.
കോവിഡ്, ആർമി റെഡ് പിന്മാറി
ടീമിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്നു നടക്കേണ്ട ക്വാർട്ടർ ഫൈനലിൽനിന്ന് ആർമി റെഡ് പിന്മാറി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ബംഗളൂരു യുണൈറ്റഡിനെതിരേയായിരുന്നു ആർമി റെഡിന്റെ ക്വാർട്ടർ പോരാട്ടം.
ആർമി റെഡ് ടൂർണമെന്റിൽനിന്നു പിന്മാറിയതായും ബംഗളൂരു യുണൈറ്റഡിന് സെമിയിലേക്കു വാക്കോവർ നൽകിയതായും ഡ്യൂറൻഡ് കപ്പ് അധികൃതർ അറിയിച്ചു. മുഹമ്മദൻ സ്പോർട്ടിംഗ് ആണ് സെമിയിൽ ബംഗളൂരു യുണൈറ്റഡിന്റെ എതിരാളികൾ.
ഇന്നു നടക്കുന്ന മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ കോൽക്കത്ത മോഹൻ ബഗാൻ ഗ്രൗണ്ടിൽ എഫ്സി ഗോവയും ഡൽഹി എഫ്സിയും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.