ചിറയിൻകീഴ്: കുമാരനാശാൻ, പ്രേം നസീർ, ഭരത് ഗോപി, നടാകാചാര്യൻ ജി.ശങ്കരപ്പിള്ള തുടങ്ങിയ പതിനേഴിൽപ്പരം ലോക പ്രശസ്താരായ അത്യപൂർവ പ്രതിഭകൾക്ക് ജന്മം നൽകിയ കലാഗ്രാമമായ ചിറയിൻ കീഴിൽ കല്പവൃക്ഷങ്ങൾ നട്ടും വിതരണം ചെയ്തും നടനും എംപിയുമായ സുരേഷ് ഗോപി.
കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായ അദ്ദേഹം ഒരു കോടി തെങ്ങിൻതൈ പദ്ധതി പ്രകാരം ചിറയിൻകീഴ് നിയോജക മണ്ഡലതല പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു.
നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട്ടിലും, മഹാനടൻ ഭരത് ഗോപിയുടെ വീട്ടിലും എത്തി കല്പവൃക്ഷം നട്ടു. പ്രേം നസീറിന്റെ ബന്ധുക്കളും ഭരത് ഗോപിയുടെ സഹോദരനും മക്കളും എംപിയെ സ്വീകരിക്കാനെത്തി. തെങ്ങിൻ തൈ നടുന്നതിലും പങ്കെടുത്തു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ,സെക്രട്ടറി ബാലമുരളി, മുതിർന്ന നേതാവ് വിജയൻ തോമസ് എന്നിവർക്കൊപ്പം എത്തിയ സുരേഷ് ഗോപിയെ നിയോജക മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര ഷാളണിയിച്ച് സ്വീകരിച്ചു.
മണ്ഡത്തിലെ കായിക്കരയിൽ ജനിച്ച കവിത്രയങ്ങളിൽ പ്രശസ്തനായ കുമാരനാശാന്റെ ഓർമയ്ക്കായി കായിക്കര ,തോന്നയ്കൽ ആശാൻ സ്മാരകങ്ങളിൽ നടുന്നതിനായി കല്പവൃക്ഷങ്ങൾ കൈമാറി, ശാർക്കര ക്ഷേത്ര മൈതാനിയിൽ കാളിയൂട്ട് കലാകാരനും കളമെഴുത്തുംപാട്ട് ആചാര്യനുമായ പൊന്നറ കൊച്ചു നാരായണപിള്ള, നാടകാചാര്യൻ ജി.ശങ്കരപ്പിള്ള, ചലച്ചിത്ര നടൻ ജി.കെ പിള്ള, ഗാന രചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, നിർമാതാവ് ശോഭനാ പരമേശ്വരൻ, ചലിച്ചിത്ര പിന്നണി ഗായകൻ ബ്രഹ്മാനന്ദൻ, വേലുത്തമ്പി ദളവയ്ക്ക് മുൻപ് ദളവ ആയിരുന്ന അയ്യപ്പൻ ചെമ്പകരാമൻ, വോളിബോൾ ദേശീയ കോച്ചും ചാമ്പ്യനുമായ ഹരിലാൽ, ജസ്റ്റീസ് ശ്രീദേവി, ആർട്ടിസ്റ്റ് ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ, കലാമണ്ഡലം മുദാക്കൽ ഗോപിനാഥൻ നായർ, തോന്നയ്കൽ വാസുദേവൻ നായർ എന്നിവരുടെ പേരിലും അഞ്ചുതെങ്ങ് സെന്റ് മേരീസ് ചർച്ചിലിലേക്കും, മഹാത്മാ അയ്യൻകാളിയുടെ നാമധേയത്തിൽ നടുന്നതിനുമുള്ള കൽപ്പവൃക്ഷങ്ങളാണ് എംപി വിതരണം ചെയ്തത്.
മൺമറഞ്ഞ വ്യക്തിത്വങ്ങളുടെ പേരിൽ ഓർമ വ്യക്ഷങ്ങളായും, ജീവിച്ചിരിക്കുന്ന പ്രതിഭകളുടെ പേരിൽ ആദരവിന്റെ പ്രതീകങ്ങളായിട്ടുമാണ് കല്പവൃക്ഷങ്ങൾ നൽകിയത്.
സുഗതകുമാരിയുടെ സ്മരണയ്ക്കായി തെങ്ങിൻതൈ നട്ടു
കാട്ടാക്കട: കവയിത്രി സുഗതകുമാരിയുടെ പേരിൽ അവരുടെ തന്നെ സ്ഥാപനമായ മലയിൻകീഴ് തച്ചോട്ടുകാവ് അഭയ ഗ്രാമത്തിൽ അവരുടെ നാമത്തിൽ തെങ്ങിൻതൈ നട്ടു.
കേരസംരക്ഷണ പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപി എംപിയാണ് കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മാരണാർഥം കേരവൃക്ഷത്തൈ നട്ടത്.
റിട്ട. ജില്ലാ ജഡ്ജ് ഗോപകുമാർ, 2014 ൽ ഇൻഡ്യയിലെ ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ പുരസ്കാരം ലഭിച്ച ശർമിള സിസ്റ്റർ, 2014 ൽ മികച്ച നഴ്സിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച രമാദേവി, 2013 ൽ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സുജ എന്നിവർക്ക് കേരവൃക്ഷത്തൈ നൽകി ആദരിച്ചു.