പാലക്കാട്: അത്യുൽപാദനശേഷിയുള്ള ഉമ നെൽ വിത്തെന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്നും വാങ്ങിയ നെൽവിത്ത് കൃഷി ചെയ്തപ്പോൾ പാടത്ത് നിറഞ്ഞത് അത്യുൽപാദനശേഷിയുള്ള കളകൾ.
മലന്പുഴ കൃഷിഭവന് കീഴിലുള്ള തൂപ്പള്ളം പാടശേഖരത്തിലെ കൂട്ടാല വീട്ടിൽ കെ.കൃഷ്ണനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
കഴിഞ്ഞ മേയ് മാസത്തിൽ പൊടി വിതയായി നടത്തിയ നെൽവിത്താണ് കതിര് നിറയേണ്ട പ്രായത്തിൽ കളയായി മാറിയത്. നെല്ല് മുളച്ചപ്പോൾ തന്നെ നെല്ലിനേക്കാൾ കൂടുതൽ മുളച്ചത് കളകളായിരുന്നു.
പൊള്ള കള, ചേങ്ങോൽ, തവട്ട, വരി തുടങ്ങിയവയും പേരറിയാത്തതുമായ നിരവധി കളകളായിരുന്നു കൃഷിയിടത്തിൽ. എങ്കിലും അവിടവിടെയായി നെൽച്ചെടി ഉണ്ടാകുമെന്ന് കരുതി എല്ലാവരെയും വളരാൻ അനുവദിച്ചു.
കണ്ടങ്ങളെല്ലാം പാടശേഖരത്തിന് നടുവിലായതിനാൽ ട്രാക്ടർ ഇറക്കി നശിപ്പിക്കാനും കഴിഞ്ഞില്ലെന്ന് കൃഷ്ണൻ പറഞ്ഞു. പാടശേഖരത്തിലെ മറ്റു കൃഷിയിടങ്ങളിലെല്ലാം ഇപ്പോൾ നെല്ല് കതിര് വന്ന് നിരന്നപ്പോൾ തന്റെ കണ്ടങ്ങളിൽ പൂവിട്ടു നിരന്നത് പലയിനം കളകളായി.
ഇത്തരത്തിൽ നാലര ഏക്കർ സ്ഥലത്താണ് കള വന്ന് മൂടിയത്.40 കിലോ തൂക്കം വരുന്ന മൂന്ന് ചാക്കുകളാണ് വാങ്ങിയത്. വളവും കീടനാശിനികളും നല്ല പരിചരണവും ഉണ്ടായാൽ അത്ഭുതവിളവുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് കൃഷ്ണൻ വേദനയോടെ പറയുന്നത്.
പൊള്ളാച്ചിയിൽ നിന്നും മറ്റും തെങ്ങിൻതൈ കൊണ്ടുവന്ന് അതിന് കേരളത്തിലെ തെങ്ങുകളുടെ ഓമനപേരിട്ട് വിളിച്ച് ചതിക്കുന്നതിന് സമാനമാണ് നെൽവിത്തിലും ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.
ഗുണമേന്മയേറിയ വിത്ത് സംസ്കരണത്തിനും കർഷക ഉന്നമനത്തിനെന്നുമൊക്കെ പറഞ്ഞ് സർക്കാർ കോടികൾ മുടക്കുന്പോൾ അത് കർഷകർക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുന്നില്ല.
ഇതിനിടയിൽ നടക്കുന്ന തട്ടിപ്പുകളും ഇടപെടലുകളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. തട്ടിപ്പുകൾക്ക് കൂട്ടായി വിത്ത് സംസ്ക്കരണത്തിനുള്ള ആധുനിക കന്പ്യൂട്ടർ മിഷനറി പ്ലാൻറുകൾ കൊയ്ത്തു സീസണായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രവർത്തിക്കില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
കേടായെന്ന് പറഞ്ഞ് നാടൻ കാറ്റ്പെട്ടിയിൽ ഇട്ട് സീഡ് സെപ്പരേഷൻ ഇല്ലാതെ കിട്ടിയ നെല്ലെല്ലാം ചാക്കിലാക്കി കർഷകർക്ക് വിതരണം ചെയ്യും. പിന്നെ കളനാശിനി, വളപ്രയോഗം എന്നെല്ലാം പറഞ്ഞ് വേറെയും തട്ടിപ്പുകൾ അരങ്ങേറും.
തന്റെതല്ലാത്ത കാരണത്താൽ കൃഷിയിൽ തനിക്കുണ്ടായ നഷ്ടത്തിന് അടിയന്തിര സാന്പത്തിക സഹായം ആവശ്യപ്പെട്ടാണ് കൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
ഇത്തരത്തിൽ മറ്റു പാടശേഖരങ്ങളിലും സമാനമായ കബളിപ്പിക്കൽ നടന്നതായി പറയുന്നുണ്ട്.എന്നാൽ ഓഫീസുകൾ കയറിയിറങ്ങി സമയവും പണവും നഷ്ടപ്പെടുമെന്നതിനാലാണ് പല കർഷകരും പരാതിയുമായി രംഗത്ത് വരാത്തത്.
കൂട്ടായ പ്രതികരണമുണ്ടാകില്ലെന്നതിന്റെ മറവിലാണ് ഉദ്യോഗസ്ഥ തലത്തിലും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ദൃഢമാക്കി ഇത്തരത്തിലുള്ള വ്യാജ വിത്തും തെങ്ങിൻതൈ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്യാൻ കാരണമാകുന്നത്.