അമ്പലപ്പുഴ: അഞ്ചാലുംകാവിൽ ചെമ്മീൻ ചാകര. അമ്പലപ്പുഴ അഞ്ചാലുംകാവ് തീരത്ത് ചാകര പ്രത്യക്ഷപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പ്രധാന ഇനമായ ചെമ്മീൻ ലഭിച്ചത് ഇന്നലെയാണ്. ചില വള്ളങ്ങൾക്കു 10 കുട്ട വരെ ലഭിച്ചു.
നാരൻ ചെമ്മീൻ ഒരു കിലോയ്ക്കു 200 രൂപ വച്ചാണ് ലേലം പോയത്. കൊഴുവ, ചൂടൻ തുടങ്ങിയ ചെറു മത്സ്യങ്ങളും ഇന്നലെ ലഭിച്ചു.
പുലർച്ചെ ആറു മുതലാണ് അഞ്ചാലുംകാവിൽ വള്ളങ്ങൾ കരയണയുന്നത്. ആഴക്കടലിൽ വലിയ മത്സ്യം തേടിപ്പോകുന്ന എച്ച്എം വലക്കാർ, 10 ഓളം തൊഴിലാളികൾ കയറുന്ന നീട്ടുവള്ളങ്ങൾ,
കൂറ്റൻ ലെയ്ലാൻഡിന്റെ കാരിയറുകൾ എന്നിവയാണ് മത്സ്യവുമായെത്തുന്നത്. കഴിഞ്ഞ ദിവസം അയലയും സുലഭമായി ലഭിച്ചിരുന്നു. നൂറുകുട്ടവരെ ലഭിച്ച ലെയ്ലാൻഡുകളുണ്ട്.
എന്നാൽ കടലോരത്തെ സ്ഥല പരിമിതിയും റോഡിന്റെ ശോച്യാവസ്ഥയും വള്ളങ്ങൾ അടുപ്പിക്കുന്നതിനും മത്സ്യം വിൽക്കുന്നതിനും തടസമാകുന്നതായി തൊഴിലാളികൾ പറയുന്നു.