സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊടകര കുഴൽപണം അപഹരണ ക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്കു നീങ്ങുന്നു.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇതു സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. ഈ നീക്കം സംസ്ഥാന നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കേന്ദ്രം എതു രീതിയില്‍ ഇടപെടുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
നിലവില്‍ കേസുമായി ബന്ധപ്പെട്ടു രണ്ടാം തവണയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈം ബ്രാഞ്ച് സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
സുരേന്ദ്രൻ മാറുമോ?
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ടു പ്രതിരോധത്തിലായെങ്കിലും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പൂര്‍ണ പിന്തുണ നല്കാന് കേന്ദ്ര നേതൃത്വം.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
കഴിഞ്ഞ ദിവസം ഡൽഹിയില്‍ എത്തി ചര്‍ച്ച നടത്തിയ കെ.സുരേന്ദ്രന് പാര്‍ട്ടി എന്തു തീരുമാനം എടുത്താലും അഗീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി കേരള ഘടകത്തില്‍ ഏതുരീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയാലും അംഗീകരിക്കും.സംസഥാന അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഇതു ഗ്രൂപ്പു നേതാക്കളുടെ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്നും സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിനു പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം ചര്‍ച്ചനടത്തുന്നുണ്ട്. എന്നാല്‍, പകരക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
പണവും വിവാദവും
കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് പണം എത്തിയതു ഉന്നത നേതാക്കളുടെ അറിവോടെയാണ്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ അദ്ദേഹത്തിനു പൂര്‍ണ പിന്തുണയുണ്ട്. കേസ് അന്വേഷണവും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുരേന്ദ്രന് നേതൃത്വത്തെ അറിയിച്ചു.
അപ്പോഴും തെരഞ്ഞെടുപ്പിലുണ്ടായ നാണം കെട്ട തോല്‍വി കേന്ദ്രത്തെ ഇരുത്തിചിന്തിപ്പിക്കുന്നുണ്ട് താനും.
കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷും കെ.സുരേന്ദ്രനെ നിലനിര്‍ത്തണമെന്നു ശക്തമായി ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ മോദി- അമിത് ഷാ- നഡ്ഡ ത്രയങ്ങളുടെ തീരുമാനം നിര്‍ണായകമാണ്.