വൈക്കം: അമ്മയുമായി കലഹിച്ചതിനെ തുടർന്നു ഒതളങ്ങ കഴിച്ച യുവതിയേയും രണ്ടു മക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കം ഉദയനാപുരം വാഴമന സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ചു വയസും എട്ടു മാസവും പ്രായമുള്ള പെണ്‍കുഞ്ഞുങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലാണ്.
യുവതിയും ഇളയ കുഞ്ഞും ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാത്രി മാതാവുമായി വഴക്കിട്ടതിനെ തുടർന്നാണ് 24 കാരിയായ യുവതി മക്കളുമായി ഒതളങ്ങ കഴിച്ചത്. രാത്രി അവശനിലയിൽ കണ്ടെത്തിയ മകളെയും ഇളയ കുഞ്ഞിനേയും മാതാവാണ് ആശുപത്രിയിൽ എത്തിച്ചത്.
മൂത്ത മകൾക്കും ഒതളങ്ങ നൽകിയിട്ടുണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്ന് പോലിസ് വീട്ടിലെത്തി കുട്ടിയെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുന്നാമത്തെ ഭർത്താവിനൊപ്പം പാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതി ഇടയ്ക്ക് അമ്മയുടെ അടുത്തു കുഞ്ഞുങ്ങളുമായി എത്തി തങ്ങാറുണ്ട്.
വൈക്കത്തെ വീട്ടിൽ യുവതിയെത്തുന്പോൾ യുവതിയുടെ അടുപ്പക്കാരായ ചിലർ പരിചയം പുതുക്കാനെത്തുന്നത് മാതാവിനു ഇഷ്ടപ്പെടാത്തതാണ് കലഹത്തിനു കാരണം.
മിക്ക ദിവസങ്ങളിലും ഇവരുടെ കലഹം പോലിസ് എത്തിയാണ് പരിഹരിച്ചിരുന്നത്. ഈ മാസം മുപ്പതുവരെ വാഴമനയിലെ വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നും വാടക വീട്ടിലേക്കു ഉടൻ താമസം മാറ്റുമെന്നും യുവതി പറഞ്ഞതിനെ തുടർന്ന് മാതാവിനെ പോലിസ് അനുനയിപ്പിച്ചിരുന്നു.
എന്നാൽ ബുധനാഴ്ച ഇവർ വീണ്ടും വഴക്കു കൂടിയതിനെ തുടർന്നാണ് യുവതി ഒതളങ്ങ അരച്ച് ചോറിൽ ചേർത്ത് കുഞ്ഞുങ്ങളുമായി കഴിച്ചത്.