സ്വന്തം ലേഖകന്‍
കൊച്ചി: വേണ്ടത്ര ആലോചനയില്ലാതെ ഉത്തരവുകള്‍ ഇറക്കുന്നതും, ചോരുന്നതും മരവിപ്പിക്കുന്നതും പിന്വലിക്കുന്നതുമൊന്നും പുതുമയല്ലാത്ത കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍(കെഎസ്ആര്‍ടിസി) അടുത്തിടെ ഇറക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവും വിവാദച്ചുഴിയില്‍.
മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചപ്പോള്‍ നൂറുകണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വഴിയാധാരമായി.നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍നിന്ന് പലരും വിടുതല്‍ വാങ്ങിപ്പോയശേഷമാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിച്ച വിവരം അറിയുന്നത്.
വിടുതല്‍ ഉത്തരവ് കൈപ്പറ്റി കുടുംബസമേതം ജില്ലവിട്ട് വിദൂരങ്ങളിലേക്ക് പോയവര്‍ പോലുമുണ്ട്. പഴയ ജോലിസ്ഥലം വിട്ടിട്ടും പുതിയ സ്ഥലത്ത് ജോലിക്ക് കയറാനായിട്ടില്ല എന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. മരവിപ്പിച്ച ഉത്തരവിനു പകരം പുതിയ ഉത്തരവിറങ്ങുന്നതുവരെ ഇവര്‍ കാത്തിരിക്കേണ്ടതായിവരും.
അതല്ലെങ്കില്‍ പഴയസ്ഥലങ്ങളിലേക്ക് വീണ്ടും മടങ്ങേണ്ടതായിവരും. വീട്ടുസാമഗ്രകളുമായി ഇതിനകം ഷിഫ്ട് ചെയ്തവര്‍ക്ക് മടങ്ങിപ്പോക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
എംഡിയുടെ ഒപ്പില്ലാതെ ലിസ്റ്റ് ആദ്യം വാട്സാപ്പില്‍
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കം മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവാണ് ഇറങ്ങി മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചിരിക്കുന്നത്. മാനേജിംഗ് ഡയറക്ടര്‍ ഒപ്പിടുന്നതിനു മുമ്പേതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഉത്തരവിന്റെ പകര്‍പ്പ് വ്യാപകമായി പ്രചരിച്ചതായിരുന്നു ആദ്യവിവാദം.
പിന്നീട് എംഡി ഒപ്പിട്ട കോപ്പി ഇറക്കിയെങ്കിലും സ്ഥലംമാറ്റത്തിനെതിരേ നൂറു കണക്കിനാളുകള്‍ പരാതിയുമായി രംഗത്ത് എത്തി. ഇതേതുടര്‍ന്ന് ഗതാഗതമന്ത്രി നേരിട്ട് സ്ഥലംമാറ്റ ഉത്തരവ് പരിശോധനയ്ക്കായി വിളിപ്പിക്കുകയും പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് മരവിപ്പിക്കുകയുമായിരുന്നു.
ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ട്രാന്‍സ്ഫര്‍ ലിസ്റ്റ് കരടായി പരിഗണിക്കണമെന്നും ഈ ഉത്തരവു പ്രകാരം ആര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍നിന്ന് വിടുതല്‍ നല്‍കേണ്ടെന്നും തിരുത്തല്‍ ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
ലിസ്റ്റ് ചോര്‍ച്ചയില്‍ അന്വേഷണം
അതേസമയം താന്‍ ഒപ്പിടുന്നതിനു മുമ്പ് സ്ഥലംമാറ്റ ഉത്തരവ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതില്‍ ഏറെ അസ്വസ്ഥനായ മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കുറ്റക്കാരായവരെ സര്‍വീസില്‍നിന്ന് ഒഴിവാക്കാനാണ് എംഡിയുടെ നീക്കം. കോഴിക്കോട്ടുള്ള ഒരു ഡ്രൈവറാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റിന്റെ കോപ്പി പുറത്തുവിട്ടതെന്നാണ് അറിയുന്നത്.
എന്നാല്‍ ഭരണകക്ഷി യൂണിയനില്‍പ്പെട്ടതും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുള്ളതുമായ ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ എംഡിക്കു കഴിയില്ലെന്നാണ് മറ്റു യൂണിയന് നേതാക്കള്‍ പറയുന്നത്.
തലസ്ഥാനത്തുള്ള ചീഫ് ഓഴീസിലെ കംപ്യൂട്ടറില്‍നിന്നാണ് ലിസ്റ്റ് ചോര്‍ന്നിരിക്കുന്നത് എന്നതിനാല്‍ അവിടെയുള്ള ചിലര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.