കാട്ടാക്കട : നെയ്യാർഡാം റിസർവോയറിന് സമീപം മൂന്നാം ചെറുപ്പിൽ യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ വട്ടിയൂർക്കാവ് നെട്ടയം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ പരാതിയിൽ നെയ്യാർഡാം പോലീസ് കേസെടുത്തു.
അപകടത്തിൽ ഉണ്ണികൃഷ്ണന്റെ കാൽ ഒടിഞ്ഞു തൂങ്ങി. മാത്രമല്ല മറ്റു വാഹനയാത്രികരുടെ മർദനവും ഏറ്റിരുന്നു. തന്റെ ബൈക്കിൽ മനപൂർവം ഇടിക്കുകയായിരുന്നുവെന്നും തന്നെ വളരെ ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
നെയ്യാർഡാം പോലീസ് അന്വേഷണം ഉടൻ നടത്തുമെന്നും പോലീസ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനു സമീപം സംഭവം. ഈ ബൈക്ക് റേസിംഗ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരമറിയുന്നത്.
നെയ്യാർഡാം റിസർവോയറിനു സമീപത്തെ റോഡിൽ ഉണ്ണികൃഷ്ണൻ, രാജേഷ് എന്നിവർ ഉൾപ്പടെ എഴോളംപേർ തമ്പടിക്കുകയും ഇവർ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയുമായിരുന്നു.
ഈ സമയം നിരവധി കാൽനട യാത്രക്കാരും വാഹന യാത്രികരും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും ഇത് അവഗണിച്ചാണ് ബൈക്കിലെ സ്റ്റണ്ടിങ് ഉൾപ്പടെ അഭ്യാസ പ്രകടനം നടത്തി വന്നത്.
ഇതിനിടെ ഉണ്ണികൃഷ്ണൻ ബൈക്ക് റെയിസ് ചെയ്തു റോഡിനു മധ്യത്തിലൂടെ മുന്നോട്ടു പോകുകയും നൂറുമീറ്ററിലധികം സഞ്ചരിച്ചു പൊടുന്നനെ നിറുത്തി ബൈക്കി വെട്ടി തിരിക്കുന്നതിനിടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണന്റെ കാലിലും വാഹനത്തിലുമായി ആണ് ബുള്ളറ്റ് ഇടിച്ചു നിന്നത്. ബൈക്ക് യാത്രികർ ആക്രോശിച്ചുകൊണ്ടിറങ്ങി ഉണ്ണികൃഷ്ണനെ മർദിക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടിയ സംഘങ്ങൾ കാണാതെ പറ്റിയതാണ് എന്ന് പറയുകയും മർദിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ കാലൊടിഞ്ഞു എന്ന് ഉണ്ണികൃഷ്ണൻ നിലവിളിക്കാൻ തുടങ്ങി. സംഘത്തിലൊരാളുടെ ഗോ പ്രോ കാമറയിൽ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാർത്തയാകുകയും ചെയ്തതോടെയാണ് വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
പ്രദേശത്തു നെയ്യാർ ഡാം കാണാനെന്ന തരത്തിൽ എത്തുന്ന സംഘങ്ങൾ ബൈക്ക് റേസിംഗ് നടത്തുന്നത് പതിവാണെന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറയുന്നു .നിരവധി പ്രകടനങ്ങൾ ഉണ്ടായെങ്കിലും ആർക്കും പരാതി ഇല്ലാത്തതിനാൽ ഇവയെ
ല്ലാം പുറം ലോകം അറിഞ്ഞിരുന്നില്ല.
എന്നാൽ അപകടത്തിന് ശേഷം നടന്ന ഒത്തു തീർപ്പും തുടർന്ന് സംഘത്തിലൊരാൾ വീഡിയോ പുറത്തു വിട്ടതുമാണ് ഇപ്പോൾ സംഭവം പുറം ലോകം അറിയാൻ കാരണമായത്.
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു ഫോളോവേഴ്സ്സിനെ കൂട്ടാനാണ് ഇത്തരം പ്രകടങ്ങൾ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന അഭ്യാസ പ്രകടങ്ങളുടെ നിരവധി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമുകളിൽ നിറയുകയാണ്.
ആയിരവും പതിനായിരവും ലക്ഷവും ഫോളോവഴ്സ് സുള്ള പേജുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. മറ്റ് സമൂഹമാധ്യമങ്ങളും ഇത്തരം ഗ്രൂപ്പുകൾ സജീവമാണ്.
വാഹന ലൈസൻസ് പോലുമില്ലാത്ത വിദ്യാർഥികളാണ് പേജുകൾ കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് പോലുള്ള ദൃശ്യങ്ങൾ പ്രചോദനം ഉൾക്കൊണ്ടു ബൈക്ക് അഭ്യാസത്തിന് ഇറങ്ങുന്നവർ ദിനം പ്രതി കൂടുകയാണ്.