കാഡിഫ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ കഷ്ടകാലം കഴിയുന്നില്ല. എവേ പോരാട്ടത്തിൽ കാഡിഫിനോട് ബാഴ്സ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അശക്തരായ എതിരാളികൾക്കെതിരേ ബാഴ്സലോണ സമനിലയുമായി കളംവിടുന്നത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പരിശീലകൻ റോണൾഡ് കൂമൻ നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഫോർത്ത് ഒഫീഷലിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതിനായിരുന്നു അത്.
ഫോർത്ത് ഒഫീഷലിനോടു മൈതാനത്ത് രണ്ടു പന്തുകൾ ഉണ്ടെന്നു പറഞ്ഞതിനാണു തനിക്ക് ചുവപ്പ് കാർഡ് ലഭിച്ചതെന്നാണു കൂമന്റെ വിശദീകരണം.
മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഫ്രാങ്ക് ഡി ജോംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. അതോടെ കളത്തിൽ 10 പേരുമായാണ് ബാഴ്സലോണ പോരാടിയത്.
ക്ലബ്ബിന്റെ മോശം പ്രകടനത്തെത്തുടർന്ന് അതീവ സമ്മർദത്തിലാണു കൂമൻ. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ കൂമനെ പുറത്താക്കുമെന്നു ബാഴ്സ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട ഇതിനോടകം സൂചിപ്പിച്ചു.
പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ വരും മാസങ്ങളിൽ കൂമനെ പുറത്താക്കി പകരം ബെൽജിയം ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസ്, ജർമൻ ടീം പരിശീലകൻ ഹൻസി ഫ്ളിക് തുടങ്ങിയ വന്പന്മാരെ മാനേജർ സ്ഥാനത്ത് എത്തിക്കാനാണ് ലാപോർട്ടയുടെ നീക്കമെന്നും റിപ്പോർട്ടുണ്ട്.
ഗ്രനാഡയ്ക്കെതിരേ 1-1 സമനില വഴങ്ങിയ മത്സരത്തിൽ പ്രതിരോധതാരങ്ങളായ ജെറാർഡ് പിക്വെയും റൊണാൾഡ് അരൗജുവും വരെ മുന്നേറ്റത്തിൽ അണിനിരന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.
അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സലോണ ഒന്പത് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആറ് ത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി റയൽ മാഡ്രിഡാണ് ഒന്നാമത്.